കശ്​മീരിൽ ഭീകരരുടെ വെടിയേറ്റ ബി.ജെ.പി നേതാവ്​ മരിച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിൽ ഭീകരരുടെ വെടിയേറ്റ ബി.ജെ.പി നേതാവ്​ മരിച്ചതായി പൊലീസ്​ അറിയിച്ചു. ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്​ഗാം ജില്ല പ്രസിഡൻറ്​ അബ്ദുൽ ഹമീദ് നജാര്‍ ആണ് ശ്രീനഗറിലെ ആശുപത്രിയിൽ വെച്ച്​ മരിച്ചത്​.

ഞായറാഴ്​ച രാവിലെയാണ്​ മോഹീന്ദ്​പുര ഗ്രാമവാസിയായ അബ്​ദുൽ ഹമീദ്​ നജറിനെ ഭീകരർ വെടിവെച്ചത്​. ഓംപോര റെയിൽവേ സ്​റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറിൽ വെടിയേറ്റ നജർ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഒരാഴ്​ചക്കിടെ തീവ്രവാദികൾ ആക്രമിക്കുന്ന മൂന്നാമത്തെ ബി.ജെ.പി പ്രവർത്തകനാണ്​ ഹമീദ്​. നേരത്തേ തെക്കൻ കശ്​മീരിലെ കുൽഗാം ജില്ലയിൽ ഒരു ബി.ജെ.പി നേതാവ്​ കൊല്ലപ്പെടുകയും മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

കഴിഞ്ഞ മാസം വടക്കൻ കശ്​മീരിലെ പ്രമുഖ ബി.ജെ.പി നേതാവ്​, പിതാവ്​, ​സഹോദരൻ എന്നിവരെ ത​ീവ്രവാദികൾ കൊന്നിരുന്നു. നീചവും മനുഷ്യത്വരഹിതവുമായ കൊലപാതകമാണ് നടന്നതെന്ന് പാർട്ടിയുടെ ജമ്മു-കശ്മീര്‍ വക്താവ് അല്‍താഫ് താക്കൂര്‍ പ്രതികരിച്ചു.

നജാറിന്​ വെടിയേറ്റ്​​ ഏതാനും മണിക്കൂറുകൾക്ക്​ ശേഷം​ നാല്​ ജില്ലാ നേതാക്കൾ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചിരുന്നു​. പാർട്ടിയുടെ ബഡ്​ഗാം ജില്ല ജനറൽ സെക്രട്ടറിയും രാജിവെച്ചവരിൽ ഉൾപ്പെടും.

അതിനിടെ, പാർട്ടി പ്രവർത്തകർക്കുനേരെയുള്ള അക്രമണം ബി.ജെ.പിയുടെ വളർച്ചയിലുള്ള പാകിസ്​താ​െൻറ പേടിയും നിരാശയുമാണ്​ പ്രകടിപ്പിക്കുന്നതെന്ന്​ പാർട്ടി സംസ്​ഥാന പ്രസിഡൻറ്​ രവീന്ദർ റെയ്​ന അഭി​പ്രായപ്പെട്ടു. ഇതുകൊണ്ട്​ പാർട്ടി ഭയന്ന്​ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.