കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവരെ അടിച്ചോടിച്ച്​ ബി.ജെ.പി പ്രവർത്തകർ; നിഷ്​ക്രിയരായി പൊലീസ്​

പാട്​ന: ബിഹാറിലെ പാട്​നയിൽ കാർഷിക ബില്ലിനെതിരായ ജൻ അധികാർ പാർട്ടി പ്രതിഷേധത്തിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ ഗുണ്ടായിസം. ​പ്രതിഷേധ റാലിയിലേക്ക്​ ഇരച്ചുകയറിയ ബി.ജെ.പി പ്രവർത്തകർ ജെ.എ.പി അനുയായികളെ പൊലീസ്​ നോക്കിനിൽക്കെ അടിച്ചോടിച്ചു. വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിലൂ​ടെ ഓടിച്ചിട്ട്​ അടിക്കുകയും ചെയ്​തു.

കാർഷിക ബില്ലിനെതിരായി ജെ.എ.പി പാട്​നയി​ലെ ബി.ജെ.പി ഓഫീസിലേക്കാണ്​ റാലി നടത്തിയത്​. ജെ.എ.പി പ്രവർത്തകർ ഓഫീസിൽ കയറാൻ ശ്രമിച്ചതോടെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ്​ ബി.ജെ.പി പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത്​ ഫലം കണ്ടില്ല. അക്രമാസക്തരായ പ്രവർത്തകർ ​പ്രതിഷേധക്കാരെ സംഘം ചേർന്ന്​ മർദിച്ചു.

റോഡിൽ നിർത്തിയിട്ട ജെ.എ.പിയുടെ വാഹനം തല്ലിതകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച ​പ്രവർത്തകരെ റോഡിലൂടെ ഓടിച്ചിട്ട്​ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. അക്രമത്തിനിടെ പൊലീസ്​ നിഷ്​ക്രിയരായി നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ കാണാം.

റോഡിലെ അക്രമത്തെ തുടർന്ന്​ ഗതാഗാതം സ്​തംഭിച്ചു.സംഭവത്തിൽ പൊലീസ്​ ഇതുവരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല.  


Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.