മുംബൈ: മഹാരാഷ്ട്രയിൽ അധികാരം നിലനിർത്താൻ പ്ലാൻ ബിയുമായി ബി.ജെ.പി. സുപ്രീംകോടതിയിൽ ശിവസേനയിലെ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് തിരിച്ചടിയുണ്ടായാൽ അധികാരം നഷ്ടപ്പെടാതിരിക്കാനാണ് ബി.ജെ.പിയുടെ നീക്കങ്ങൾ. കോൺഗ്രസ്-എൻ.സി.പി പാർട്ടികളിൽ നിന്നും എം.എൽ.എമാരെ അടർത്തിയെടുത്ത് അധികാരം നിലനിർത്താനുള്ള നീക്കം ബി.ജെ.പി നടത്തുന്നുവെന്നാണ് സൂചന.
ഏക്നാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിന് 164 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് ഒറ്റക്ക് 106 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 288 അംഗ സഭയിൽ സേനയുടെ 40 റിബൽ എം.എൽ.എമാരുടേയും പിന്തുണ ബി.ജെ.പിക്കാണ്.
ഷിൻഡെ പക്ഷം കൂറുമാറ്റ നിരോധനനിയമം ലംഘിച്ചോയെന്നതിൽ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. ഇതിൽ തീരുമാനം എതിരായാൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ സ്ഥിതി പരുങ്ങലിലാവും. ഇത് ഒഴിവാക്കാൻ 20 എം.എൽ.എമാരെ മറ്റ് പാർട്ടികളിൽ നിന്നും സ്വന്തംപാളയത്തിലെത്തിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
നേരത്തെ മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. ജൂൺ 30ന് അധികാരത്തിലെത്തിയെങ്കിലും മന്ത്രിസഭ വികസനം ഇനിയും പൂർത്തിയാക്കാൻ ബി.ജെ.പി-ശിവസേന വിമതവിഭാഗം സഖ്യസർക്കാറിന് കഴിഞ്ഞിട്ടില്ല. അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താത്തതാണ് പ്രശ്നങ്ങൾ കാരണം. ആഭ്യന്തരം, ധനകാര്യം ഉൾപ്പടെ സുപ്രധാന വകുപ്പുകൾ ബി.ജെ.പി ഏറ്റെടുക്കുന്നതിൽ ഷിൻഡെ ക്യാമ്പിന് അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.