മുംബൈ: മഹാരാഷ്ട്രയിൽ ഉച്ചഭാഷിണി വിവാദം കത്തിപടരുന്നതിനിടെ ശിവസേനയെ വിമർശിച്ച് കേന്ദ്രമന്ത്രി നാരായൺ റാണെ രംഗത്തെത്തി. മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ തുടക്കമിട്ട വിവാദത്തിൽ ഭരണകക്ഷിയായ ശിവസേനയും ബി.ജെ.പിയും തമ്മിലാണ് ഇപ്പോൾ വാക്പോര് രൂക്ഷമായിരിക്കുന്നത്. എവിടെയാണോ അധികാരവും പണവുമിരിക്കുന്നത് ശിവസേന അവർക്കൊപ്പം പോകുമെന്ന് നാരായൺ റാണെ കുറ്റപ്പെടുത്തി.
'ശിവസേന നേതാക്കൾക്ക് ആരുടെ കൂടെയും പോകാം. രാവണൻ വന്ന് അവർക്ക് അഞ്ച് വർഷം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൽ അവരും കൂടെ പോകും. അധികാരവും പണവും ഉള്ളിടത്തെല്ലാം ശിവസേന പോകും'-റാണെ പറഞ്ഞു. മുഖ്യമന്ത്രി പദത്തിനായി ഉദ്ധവ് താക്കറെ 'ഹിന്ദുത്വ'ഉപേക്ഷിച്ചതിനെയും റാണെ വിമർശിച്ചു.
പള്ളികളിൽ ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ പള്ളികൾക്ക് സമീപം ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചിരുന്നു. പിന്നാലെ ബി.ജെ.പി അടക്കമുള്ള സംഘടനകൾ അത് ഏറ്റുപിടിച്ചു. ഇതിനെതിരെ ശക്തമായ നടപടിയാണ് ഉദ്ധവ് താക്കറെ ഭരണകൂടം കൈക്കൊണ്ടത്. തുടർന്ന് ബി.ജെ.പി വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം സ്വതന്ത്ര എം.പിയായ നവനീത് റാണയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയും ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ശിവസേന പ്രവർത്തകരിൽനിന്ന് വൻ പ്രതികരണം ആണുണ്ടായത്. പ്രവർത്തകർ എം.പിയുടെ വീട് ഉപരോധിച്ചു. ഒടുവിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദമ്പതികളെ അറസ്റ്റ് ചെയ്തതോടെ ബി.ജെ.പിയും ശിവസേനയും തമ്മിൽ വാക്പോരുണ്ടായി. പാർട്ടിയുമായോ മാതോശ്രീയുമായോ ഏറ്റുമുട്ടാൻ നിൽക്കരുതെന്ന് ശിവസേന ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയപ്പോൾ മഹാരാഷ്ട്രയിലെ 'രാവണരാജിനെ' ബി.ജെ.പി അപലപിച്ചു. അറസ്റ്റ് വേദനജനകമാണെന്ന് ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.