റാഞ്ചി: കോവിഡ് നിയമം ലംഘിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ. യു.പിയിലെ ഉന്നാവിൽ നിന്നും ഝാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
'മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് നിയമം. പരിപാടി കഴിഞ്ഞ് ധൻബാദ് വഴി ഡൽഹിയിലേക്ക് ട്രെയിനിൽ മടങ്ങാനിരുന്നതായിരുന്നു മഹാരാജ്. വഴിമധ്യേ പിർടാൻ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ജില്ല ഭരണാധികാരികൾ തടഞ്ഞ ശേഷം ക്വാറൻറീനിൽ വിടുകയായിരുന്നു'- ഡെപ്യൂട്ടി കമീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞു.
അദ്ദേഹം സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ് 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്. 'സന്ദർശനത്തെ പറ്റി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടില്ല. അതിനാലാണ് 14 ദിവസം ക്വാറൻറീനിൽ പ്രവേശിപ്പിച്ചത്'- സിൻഹ പറഞ്ഞു.
മഹാരാജിെൻറ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന് ജില്ല അതിർത്തികൾ അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. മുൻകൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറൻറീനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ ഝാർഖണ്ഡ് സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് അദ്ദേഹം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു.
റാഞ്ചിയിലെത്തി പിതാവ് ലാലുപ്രസാദ് യാദവിനെ കണ്ട് മടങ്ങിയ ആർ.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവിനെ തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാജിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.