‘ബേഠി ബച്ചാവോ’ മുദ്രാവാക്യത്തിന് എന്തുപറ്റി? ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

കൊൽക്കത്ത: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരകളാക്കിയ സംഭവത്തിലും ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിലും ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പിയുടെ ‘ബേഠി ബച്ചാവോ’ (പെൺകുട്ടികളെ രക്ഷിക്കൂ) മുദ്രാവാക്യം ‘ബേഠി ജലാവോ’ (പെൺകുട്ടികളെ കത്തിക്കൂ) ആയി മാറിയെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്‍റെ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മമത ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം ലഭിച്ചതിലും അവർ ബി.ജെ.പിയെ കുറ്റപ്പെടുത്തി. ‘നിങ്ങൾ (ബി.ജെ.പി) 'ബേഠി ബച്ചാവോ' മുദ്രാവാക്യം വിളിച്ചു. നിങ്ങളുടെ മുദ്രാവാക്യം ഇപ്പോൾ എവിടെയാണ്? ഇന്ന് മണിപ്പൂർ കത്തുകയാണ്, രാജ്യം മുഴുവൻ കത്തുകയാണ്..നമ്മുടെ സ്ത്രീകളുടെ മാനം കളങ്കപ്പെടുകയാണ്, എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾ നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കും’ -മമത പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസിലാണ് ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ് വ്യാഴാഴ്ച ഡല്‍ഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിൽക്കീസ് ബാനു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ വർഷം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ വെറുതെ വിട്ടിരുന്നു.

മമത മണിപ്പൂർ ജനതക്ക് ഏക്യദാർഢ്യം പ്രഖ്യാപിച്ചു. ഞങ്ങൾ മണിപ്പൂർ ജനതക്കൊപ്പമാണ് നിൽക്കുന്നതെന്ന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എല്ലായ്‌പ്പോഴും ഞങ്ങൾ അവരോടൊപ്പം നിൽക്കും. മണിപ്പൂരിൽ നാം കണ്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അപലപിക്കേണ്ടതാണെന്നും തങ്ങളുടെ പാർട്ടി അധികാരം ആഗ്രഹിക്കുന്നില്ലെന്നും ടി.എം.സി നേതാവ് വ്യക്തമാക്കി.

ബി.ജെ.പി ഭരണം പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കു കീഴിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP's slogan now beti jalao: Mamata Banerjee on Manipur violence, Bilkis Bano case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.