രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

ജയ്​പുര്‍: രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ (മ്യൂക്കോമൈകോസിസ്) പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ബുധനാഴ്​ചയാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം അശോക് ഗെഹ്‌ലോട്ട്​ സര്‍ക്കാര്‍ നടത്തിയത്​. 2020ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ബ്ലാക്ക് ഫംഗസ് ബാധക്കെതിരായ മരുന്നുകള്‍ വാങ്ങാന്‍ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഭാരത് സിറംസ് ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡിന് ഓർഡര്‍ നല്‍കിയിട്ടുണ്ട്​.

രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിന്​ പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്ക സൃഷ്​ടിക്കുകയാണ്​. കോവിഡ് ഭേദമായവരിലും രോഗം ഭേദപ്പെട്ടുവരുന്നവരിലുമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്.

കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, അവയവമാറ്റം നടത്തിയവർ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്ന്​ ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ്​ നൽകുന്നു. അനിയന്ത്രിത പ്രമേഹവും ദീർഘകാല ഐ.സി.യു വാസവുമുള്ള കോവിഡ്​ രോഗികളിൽ കണ്ടുവരുന്ന ബ്ലാക്ക്​ ഫംഗസ്​ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായി മാറിയേക്കാമെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) മുന്നറിയിപ്പ് നൽകിയിരുന്നു​. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്​.

സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഈ രോഗത്തിന്​ വഴിയൊരുക്കുന്നതായിട്ടാണ്​ കണ്ടെത്തിയിരിക്കുന്നത്​. മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണമാകുന്നത്​. സാധാരണയായി തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗിയെ ഓക്സിജൻ സഹായത്തിൽ കിടത്തുമ്പോൾ അതിലെ ഹ്യുമിഡിഫയറിൽ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വർധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണം. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുമെന്ന്​ വരെയാണ്​ ആരോഗ്യ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലർക്കും അന്ധതയ്ക്കും കാരണമാകാറുണ്ട്​.

മൂക്കിനും കണ്ണിനും ചുറ്റും വേദനയോടെ ചുവന്ന നിറം ഉണ്ടാകുക, പനി, തലവേദന, ചുമ, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്​, രക്തം ഛർദിക്കൽ, മുഖ വീക്കം, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ്​ ലക്ഷണങ്ങളായി ക​ണ്ടെത്തിയിരിക്കുന്നത്​. അനിയന്ത്രിത പ്രമേഹ രോഗമുള്ളവരിൽ സൈനസൈറ്റിസ്​, മുഖത്തിന്‍റെ ഒരു വശത്തിന്​ വേദന, പല്ലുവേദന, വേദനയോടെ മങ്ങിയ അല്ലെങ്കിൽ ഇരട്ട കാഴ്ച, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്​. പ്രമേഹമുള്ളവർ കോവിഡ്​ ഭേദമായി കഴിഞ്ഞാൽ നിരന്തരം രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ പരിശോധിക്കണമെന്നും സ്​റ്റെറോയ്​ഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Full View

Tags:    
News Summary - Black fungus declared an epidemic in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.