ന്യൂഡൽഹി: കരിമണൽ അടക്കം നിർണായക ധാതുപദാർഥങ്ങളുടെ ഖനനം സ്വകാര്യ മേഖലക്കു കൂടി വിട്ടുകൊടുക്കാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ലോക്സഭയിൽ. തന്ത്രപ്രധാനമായ ആണവ, ബഹിരാകാശ മേഖലകൾക്കും ദേശസുരക്ഷക്കും പ്രധാനമായവക്കൊപ്പം സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, പ്ലാറ്റിനം, വജ്രം തുടങ്ങിയവ അടങ്ങിയ ധാതുസമ്പത്തിന്റെ ഖനനവും സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കും. ഖനന പാട്ടം നൽകുന്നതിൽ സ്വകാര്യ മേഖലക്ക് ഇളവുകളോടെ ലൈസൻസ് അനുവദിക്കാനും ഖനന-ധാനപദാർഥ വികസന-നിയന്ത്രണ നിയമ ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഗ്രാഫൈറ്റ്, കോബാൾട്ട്, ടൈറ്റാനിയം തുടങ്ങിയ നിർണായക ധാതുപദാർഥങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഖനനം ഊർജിതപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സർക്കാർ വിശദീകരിച്ചു. ദേശസുരക്ഷ മുൻനിർത്തി തയാറാക്കിയിട്ടുള്ള 12 ആണവ ധാതുക്കളുടെ പട്ടികയിൽ നിന്ന് ലിഥിയം, നിയോബിയം, ടൈറ്റാനിയം തുടങ്ങി ആറ് പദാർഥങ്ങൾ ഒഴിവാക്കി. സ്വകാര്യ മേഖലക്കും ഇവയുടെ ഖനനമാകാം. ഇതുവഴി സംസ്ഥാന സർക്കാറുകൾക്ക് കൂടുതൽ വരുമാനം നേടാമെന്ന വാദവും സർക്കാർ മുന്നോട്ടു വെച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രന്റെ വാദഗതി സർക്കാർ തള്ളി.
തീരദേശത്ത് സുലഭമായുളള ഇല്‍മനൈറ്റ്, മോണസൈറ്റ്, സിര്‍ക്കോണ്‍ ഉള്‍പ്പെടെയുളള അപൂര്‍വ്വ ധാതുമണല്‍ ഖനനം ചെയ്യാന്‍ ഗവണ്മെന്റിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവകാശം ഉണ്ടായിരുന്നതെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.