മുംബൈ: റോഡ് വീതികൂട്ടുന്നതിനായി ബോളിവുഡ് നടൻ അമിതാഭ് ബച്ചന്‍റെ വസതിയുടെ ഒരുഭാഗം പൊളിച്ചുമാറ്റാൻ നടപടി. മുംബൈയിലെ പ്രതീക്ഷ വസതിയുടെ ഒരു ഭാഗം പൊളിക്കാനാണ് ബൃഹാൻ മുബൈ കോർപറേഷൻ (ബിഎംസി) ഒരുങ്ങുന്നത്. സന്ത് ധ്യാനേശ്വർ റോഡരികിലാണ് വസതി സ്ഥിതി ചെയ്യുന്നത്.
ബച്ചന് 2017ൽ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. അന്ന് രാജ്കുമാർ ഹിരാനി ഉൾപ്പെടെ ഏഴുപേർക്കാണ് അനധികൃത നിർമാണം പൊളിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയത്. എന്നാൽ, പിന്നീട് നടപടിയൊന്നും എടുത്തിരുന്നില്ല.
ബച്ചനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇദ്ദേഹം ചോദിച്ചു.
റോഡ് വീതികൂട്ടുന്നതുസംബന്ധിച്ച് നോട്ടീസ് നൽകി കഴിഞ്ഞാൽ പിന്നെ നടപടിയെടുക്കാൻ താമസിക്കേണ്ടതില്ലെന്നും മിറാൻഡ പറഞ്ഞു. തുടർന്നാണ് ബിഎംസി വസതിയുടെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. ബച്ചന്‍റെ വസതിയോട് ചേർന്നുള്ള സ്ഥലത്തിന്‍റെ മതിൽ പൊളിച്ച് ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മാത്രം ഒന്നും ചെയ്തില്ല.
"നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാതിരുന്നത്? ഇത് ഒരു സാധാരണക്കാരന്‍റെ വസ്തു ആയിരുന്നെങ്കിൽ മുനിസിപ്പൽ ആക്ട് നോട്ടീസിലെ സെക്ഷൻ 299 പ്രകാരം അവർ ഉടൻ തന്നെ അത് ഏറ്റെടുക്കുമായിരുന്നു" - മിറാൻഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.