ന്യൂഡൽഹി: ബിഹാറിലും യു.പിയിലും നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നതായ വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് അതിരൂക്ഷമായി രാജ്യത്ത് തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത നിർമാണ പദ്ധതിയിലേക്ക് മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എതിരെയായിരുന്നു രാഹുലിന്‍റെ ട്വീറ്റിലൂടെയുള്ള വിമർശനം.
'എണ്ണമില്ലാത്ത മൃതദേഹങ്ങളാണ് നദികളിലൂടെ ഒഴുകുന്നത്. മൈലുകൾ നീളുന്ന വരിയാണ് ആശുപത്രികൾക്ക് മുന്നിൽ. ജീവനുള്ള സംരക്ഷണം കവർന്നെടുത്തിരിക്കുന്നു. പ്രധാനമന്ത്രീ, താങ്കൾ ആ പിങ്ക് കണ്ണട മാറ്റൂ, അതിലൂടെ നിങ്ങൾക്ക് സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല' -രാഹുൽ ട്വീറ്റ് ചെയ്തു.
ബിഹാറിലും യു.പിയിലും നദികളിലൂടെ മൃദേഹങ്ങൾ ഒഴുകിയെത്തുന്നത് വൻ ആശങ്ക ഉയർത്തുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹമാണ് ഇത്തരത്തിൽ സംസ്കരിക്കാൻ സംസ്കരിക്കാൻ മാർഗമില്ലാതെയും പാതി ദഹിപ്പിച്ച നിലയിലും ഗംഗ, യമുന നദികളിൽ ഒഴുകുന്നത്.
ബിഹാറിലെ ബക്സറിൽ ഗംഗാ നദിയിലൂടെയും യു.പിയിലെ ഹാമിർപൂരിൽ യമുനാ നദിയിലൂടെയുമാണ് പാതി ദഹിപ്പിച്ചതും അഴുകിത്തുടങ്ങിയതുമായ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. രാജ്യത്ത് കോവിഡ് മരണനിരക്ക് നാൾക്കുനാൾ വർധിക്കുകയും ശ്മശാനങ്ങളിൽ തിരക്കേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് ബിഹാറിലെയും യു.പിയിലേയും അധികൃതർ. യു.പിയിലെ മേഖലകളിൽ നിന്നാവാം മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നും ബിഹാറിൽ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്ന പതിവില്ലെന്നുമാണ് ജില്ല അധികൃതർ പറയുന്നത്.
അതേസമയം, സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. മൃതദേഹങ്ങളിൽ നിന്നോ വെള്ളത്തിൽ നിന്നോ കോവിഡ് പകരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. തീരത്തടിയുന്ന മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുകീറുന്ന ദൃശ്യങ്ങളുമുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.