ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) ചരിത്രത്തിൽ ആദ്യമായി നാലു ലക്ഷം കോടി കടന്നെന്ന ബി.ജെ.പി വാദത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ബി.ജെ.പി പുറത്തുവിട്ട വാർത്ത വ്യാജമാണെന്നും അമിതാഹ്ലാദം ഉണ്ടാക്കാനും വാർത്തകളിൽ ഇടം നേടാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"2.45നും 6.45നുമിടയിൽ ജനങ്ങൾ ലോകകപ്പ് കാണാൻ ഒത്തുചേർന്നപ്പോൾ, രാജ്യം നാല് ട്രില്യൺ ജി.ഡി.പി കടന്നെന്ന വാർത്ത രാജസ്ഥാനിലും തെലങ്കാനയിലുമുള്ള കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട വ്യവസായിയും ഉൾപ്പെടെ മോദി സർക്കാരിന്‍റെ കുഴലൂത്തുകാർ പങ്കുവെച്ചിരുന്നു. ഇത് തികച്ചും വ്യാജമായ വാർത്തയാണ്. ഇത് മിഥ്യാപ്രശംസകൾക്കും അമിതമായ സുഖസന്തോഷവികാരമുണ്ടാക്കാനും തലക്കെട്ടുകളിൽ ഇടം പിടിക്കാനുമുള്ള ശ്രമം മാത്രമാണ്"- ജയറാം രമേശ് കുറിച്ചു.
അന്താരാഷ്ട്ര നാണയനിധിയുടെ, എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പിയുടെ തത്സമയ വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം നിരവധി മുതിർന്ന ബി.ജെ.പി നേതാക്കളടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച പങ്കുവെച്ചു. ഇതിലാണ് ജി.ഡി.പി നാലു ലക്ഷം കോടി മറികടന്നതായി കാണിച്ചിരിക്കുന്നത്.
ദീർഘവീക്ഷണമുള്ള നേതൃത്വം ഇങ്ങനെയാണെന്നും നമ്മുടെ പുതിയ ഇന്ത്യ മനോഹരമായി പുരോഗമിക്കുന്നത് ഇപ്രകാരമാണെന്നുമായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പരാമർശം. പ്രധാനമന്ത്രിയോട് കൂടുതൽ ബഹുമാനമുണ്ടെന്നും സഹപ്രവർത്തകർക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
നാലു ലക്ഷം കോടി കടന്നെന്ന വാദവുമായി ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. 'അഭിനന്ദനങ്ങള്‍ ഇന്ത്യ. ഇനിയൊരു രണ്ടുവര്‍ഷത്തിനകം നമ്മള്‍ ജപ്പാനെയും (4.4 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ) ജര്‍മ്മനിയെയും (4.3 ലക്ഷം കോടി ഡോളര്‍) പിന്തള്ളി മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും'' - എന്നാണ് ഗൗതം അദാനി എക്‌സില്‍ കുറിച്ചത്. പിന്നീട് അദ്ദേഹം ട്വീറ്റ് ഒഴിവാക്കി.
മുതിർന്ന പല നേതാക്കളും സ്ക്രീൻ ഷോട്ട് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.
ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മൊത്തം മൂല്യത്തെയാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി എന്ന് പറയുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) കണക്കുപ്രകാരം 272.41 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ജി.ഡി.പി മൂല്യം, അതായത് 3.3 ലക്ഷം കോടി ഡോളര്‍. നടപ്പുവര്‍ഷം (2023-24) 10.5 ശതമാനം പ്രതീക്ഷിത വളര്‍ച്ചയോടെ ജി.ഡി.പി മൂല്യം 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് വിലയിരുത്തലുകള്‍. സമീപകാലത്ത് ഇന്ത്യ നാല് ലക്ഷം കോടി കടക്കാനുള്ള സാധ്യതകൾ വിരളമാണെന്നും ഇതിന് പിന്നാലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയെന്ന നിലയിൽ ഇന്ത്യ നാല് ട്രില്യൺ സമ്പദ്ഘടനയെന്നതിലേക്ക് ക്രമേണ എത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.