മുംബൈ: വിഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാർ, അവരുടെ ഭർത്താവ് ദീപക് കൊച്ചാർ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് ബോംബെ ഹൈകോടതി.
നേരത്തെ ഇരുവർക്കും മറ്റൊരു ബെഞ്ച് നൽകിയ ഇടക്കാല ജാമ്യം ശരിവെച്ച് ജസ്റ്റിസുമാരായ അനുജ പ്രഭു ദേശായി, എൻ.ആർ ബോർകർ എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് വിമർശനം. 2017ൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും 2019ൽ കേസെടുത്തപ്പോഴും ലഭിച്ചതിനപ്പുറം അറസ്റ്റ് അനിവാര്യമാക്കുന്ന മറ്റൊരു തെളിവും സി.ബി.ഐ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസെടുത്ത് മൂന്നു വർഷത്തിന് ശേഷമാണ് ഇരുവരെയും ചോദ്യം ചെയ്തതെന്നും കോടതി പറഞ്ഞു. ചോദ്യംചെയ്യലിൽ സഹകരിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന സി.ബി.ഐയുടെ വാദവും കോടതി തള്ളി.
നിസ്സഹകരണമല്ല ചില ചോദ്യങ്ങളോട് പ്രതികരിക്കാതെ മൗനംപാലിച്ചതാണെന്നും അത് മൗലികാവകാശമാണെന്നുമുള്ള ചന്ദ കൊച്ചാറിന്റെ വാദം കോടതി അംഗീകരിച്ചു. 2022 ഡിസംബർ 23നാണ് സി.ബി.ഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. മകന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.