ഭീമ കൊറെഗാവ്: സുധ ഭരദ്വാജി​െൻറ ജാമ്യാപേക്ഷ വെള്ളിയാഴ്ച​ത്തേക്ക്​ മാറ്റി

മുംബൈ: ആദിവാസി അവകാശ പ്രവർത്തക അഡ്വ. സുധ ഭരദ്വാജി​െൻറ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. പൂനെയിലെ ഭീമ കൊറെഗാവ് അക്രമത്തി​ൽ പങ്കുണ്ടെന്നാരോപിച്ചാണ്​ ​2018 ആഗസ്റ്റിൽ ഇവരെ അറസ്റ്റ്​ ചെയ്​തത്​. എൽഗാർ പരിഷത്ത് നേതാവ്​ കൂടിയായ സുധക്കെതിരെ പിന്നീട്​ യു.എ.പി.എ ചുമത്തിയിരുന്നു.  

ജയിലിൽ കൊറോണ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷ നൽകിയത്​. 58കാരിയായ ഇവരെ പാർപ്പിച്ച ബൈക്കുള വനിത ജയിലിൽ ഒരു തടവുകാരിക്ക്​ കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. മേയ് 29 ന് എൻ.ഐ.എ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. 

ജസ്റ്റിസ് എസ്.എസ്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ ചൊവ്വാഴ്​ച കേസ് പരിഗണി​ക്കേണ്ടതായിരുന്നു. എന്നാൽ, എൻ.‌ഐ‌.എക്ക്​ അപേക്ഷയുടെ പകർപ്പ്​ ലഭ്യമായില്ലെന്നറിയിച്ചതിനെ തുടർന്നാണ്​ മാറ്റിവെച്ചത്​. പ്രമേഹവും രക്​ത സമ്മർദവും ബാധിച്ച ത​​െൻറ ആ​േരാഗ്യനില അപകടത്തിലാണെന്നും ജയിലിൽ സാമൂഹിക അകലം പാലിക്കുന്നത് അസാധ്യമാണെന്നും സുധ കോടതിയെ അറിയിച്ചിരുന്നു.  

2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനം അടുത്ത ദിവസം നടന്ന അക്രമത്തിന്​ ഹേതുവായെന്നാരോപിച്ചാണ്​ സുധ ഉൾപ്പെടെയുള്ള ആക്​ടിവിസ്​റ്റുകൾ അറസ്​റ്റിലായത്​. വിപ്ലവ കവിവരവര റാവു,​ ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര,​ വെർണൻ ഗോൺസാൽവസ്,​ ഗൗതം നവ്‌ലഖ എന്നിവരാണ്​ അറസ്​റ്റിലായ മറ്റുള്ളവർ. ഇവരെ പാർപ്പിച്ച തടവറകളും ശോചനീയമാണെന്ന്​ സാമൂഹ്യപ്രവർത്തകർ ആരോപിച്ചിരുന്നു.

ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്​ട്ര സർക്കാർ ആക്​ടിവിസ്​റ്റുകൾക്കെതിരായ കേസ്​ പിൻവലിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, ഇതിനിടെ കേന്ദ്ര സർക്കാർ ഇടപെട്ട്​ കേസ്​ എൻ​.ഐ.എക്ക്​ കൈമാറി.  2020 ജനുവരി 24 നാണ്​ എൻ‌.ഐ.എ അന്വേഷണം ഏറ്റെടുത്തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.