ന്യൂഡൽഹി: കടമെടുപ്പിൽ ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് തള്ളി. കഴിഞ്ഞ മാർച്ച് 31നുമുമ്പ് 24,000 കോടി കടമെടുക്കാൻ അർഹതയുള്ള കേരളത്തിന് 10,000 കോടിയുടെ കടമെടുപ്പെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് തള്ളിയത്. അതേസമയം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിർണയിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടോ എന്ന കാര്യത്തിൽ തീരുമാനം സുപ്രീംകോടതി, അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഒരു സംസ്ഥാനത്തിനുള്ള കടമെടുപ്പ് അവകാശം സംബന്ധിച്ച് ഭരണഘടനയുടെ 145(3) പ്രകാരം അഞ്ചംഗ ബെഞ്ച് തീർപ്പുകൽപിക്കുന്നതോടെ കേരളത്തിന്റെ ഹരജിയിലെ വിധി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ നാഴികക്കല്ലാകും.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കേരളത്തിന് മതിയായ ഇടക്കാല ആശ്വാസം ലഭിച്ചതാണെന്നും പ്രഥമദൃഷ്ട്യാ കേന്ദ്രത്തിന്റെ വാദത്തിനൊപ്പമാണ് തങ്ങളെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെ മുഖ്യ കടമെടുപ്പ് ഹരജി ഭരണഘടനയുടെ 131, 293, 293(3) എന്നീ അനുച്ഛേദങ്ങളുമായി ബന്ധപ്പെട്ട വിഷയം കൂടിയാണെന്ന് സുപ്രീംകോടതി തുടർന്നു. 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജി ഇത്തരത്തിലുള്ള ആദ്യത്തേതായതിനാൽ ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് കോടതി കൂട്ടിച്ചേർത്തു.
അതേസമയം, 10,000 കോടിയുടെ ഇടക്കാല ആശ്വാസത്തിനുള്ള കേരളത്തിന്റെ അപേക്ഷ കൂടി അംഗീകരിക്കുന്നത് തുല്യതയാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ കേരളത്തിനുള്ള തുക അനുവദിക്കാൻ കേസ് പിൻവലിക്കണമെന്ന കേന്ദ്ര ഉപാധി സുപ്രീംകോടതി ഇല്ലാതാക്കിയതും കോടതി ഓർമിപ്പിച്ചു. ഒരു സംസ്ഥാനം കടമെടുപ്പ് പരിധിയോ അധിക കടമെടുപ്പ് പരിധിയോ പൂർണമായും ഉപയോഗിച്ചില്ലെങ്കിൽ 2025 വരെയുള്ള നാലുവർഷത്തിനുള്ളിൽ അതും കൂടി എടുക്കാമെന്ന ധനകമീഷൻ നിലപാടാണ് കേരളം ഇടക്കാല ആശ്വാസത്തിന് ആധാരമാക്കിയത്. ഇതുപ്രകാരം 24,000 കോടി അർഹതപ്പെട്ട കേരളം ഇപ്പോൾ 10,000 കോടി മാത്രമാണ് ചോദിക്കുന്നതെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
കേരളത്തിന്റെ കടമെടുപ്പ് കേന്ദ്ര സർക്കാർ തീരുമാനിക്കേണ്ടെന്നും അതിനുള്ള അധികാരം അവർക്കില്ലെന്നും സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിർണയിക്കേണ്ടത് ധന കമീഷനാണെന്നും സിബൽ ബോധിപ്പിച്ചിരുന്നു. 15ാം ധനകമീഷൻ ശിപാർശ പ്രകാരമാണ് 10,000 കോടിയുടെ കടമെടുപ്പിന് കേരളം അനുമതി തേടിയത്. എന്നാൽ, ഈ വാദം ചോദ്യം ചെയ്ത കേന്ദ്രം, പരിധിക്കപ്പുറം കടമെടുത്തതിന്റെ ചരിത്രമുള്ള കേരളത്തിന്റെ സാമ്പത്തിക സൂചികകൾ വളരെ ദുർബലമാണെന്ന എതിർവാദമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.