ഗോരഖ്പൂർ (ഉത്തർപ്രദേശ്): തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്‍റെ വീട്ടിലെത്തി പ്രതിഷേധിച്ച് ഉത്തർപ്രദേശുകാരിയായ പെൺകുട്ടി. യു.പിയിലെ ഗോരഖ്പൂരിലാണ് സംഭവം. സൈനികനായ കാമുകന്‍റെ വീട്ടിൽ ബന്ധുക്കളോടൊപ്പം ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ എത്തിയാണ് പെൺകുട്ടി പ്രതിഷേധിച്ചത്.
തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി ഭീഷണി മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്.
രണ്ടുവർഷം മുമ്പ് ഒരു ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് യുവതി സന്ദീപ് മൗര്യയെന്നയാളെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. പ്രണയിക്കുന്ന സമയത്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ നിർബന്ധിച്ചിരുന്നതായി പെൺകുട്ടി പറഞ്ഞു. ഇതിനിടെ ഇയാൾ സൈന്യത്തിൽ ജോലി കിട്ടിയതിനെ തുടർന്ന് പരിശീലനത്തിനായി പോയി. ആ സമയത്തും സന്ദീപ് യുവതിയെ വീട്ടിലെത്തി സന്ദർശിക്കാറുണ്ടായിരുന്നു.
ജോലി ലഭിച്ചതിന് ശേഷമാണ് സന്ദീപ് വിവാഹത്തിൽ നിന്ന് പിൻമാറിയതെന്ന് യുവതി ആരോപിച്ചു. സന്ദീപ് വീട്ടിലെത്തി വിവാഹം ആലോചിച്ചതായും മാതാപിതാക്കൾ ഇതിന് സമ്മതിച്ചിരുന്നതായും യുവതിയുടെ സഹോദരിയും ബന്ധുക്കളും സാക്ഷ്യപ്പെടുത്തി. ജോലി ലഭിച്ച ശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
സന്ദീപിനെതിരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കേസ് കോടതിയിൽ നിലൽക്കുന്നതിനാൽ ഇയാൾക്ക് വിവാഹം കഴിക്കാനോ ൈസന്യത്തിൽ ജോലി ചെയ്യാനോ സാധിക്കില്ലെന്നാണ് അവർ പറയുന്നത്. സന്ദീപിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
സന്ദീപിനെതിരെ ജഗഹ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഖൊരക്പൂർ എസ്.പി മനോജ് കുമാർ പറഞ്ഞു. സന്ദീപിനെതിരെ സൈനിക കോടതിയിൽ പരാതി നൽകാനും പെൺകുട്ടിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപിന്‍റെ നിയമപരമായ ആദ്യ വിവാഹമായതിനാൽ അദ്ദേഹത്തെ അതിൽ നിന്ന് തടയാൻ പൊലീസിനാകില്ലെന്ന് കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.