ബംഗളൂരു: കർണാടക ബി.ജെ.പിയിലെ ഒറ്റയാനായി രാഷ്ട്രീയത്തിൽ നാലു ദശാബ്ദം പിന്നിട്ട മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് ശനിയാഴ്ച 78ാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ആഘോഷ പരിപാടികളുമില്ല.
സംസ്ഥാനത്ത് ബി.ജെ.പി നേതൃനിരയിൽ പകരം വെക്കാനില്ലാത്ത നേതാവായ യെദിയൂരപ്പക്ക് പ്രായമേറിയെങ്കിലും അദ്ദേഹത്തിനൊരു പകരക്കാരനെ ഇതുവരെ കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല. പാർട്ടിയിൽനിന്നും തന്നെ പലപ്പോഴായി നേതൃമാറ്റത്തിനുള്ള മുറവിളി ഉയരുമ്പോഴും ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവായ യെദിയൂരപ്പയുടെ കസേരക്ക് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല.
എന്നാൽ, 78ാം പിറന്നാൾ ആഘോഷിക്കുന്ന യെദിയൂരപ്പക്ക് വരാനിരിക്കുന്നത് വെല്ലുവിളികളുടെ നാളുകളാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മന്ത്രിസഭയിലുള്ളവരും പാർട്ടി എം.എൽ.എമാരും യെദിയൂരപ്പക്കെതിരെ പടനീക്കം നടത്തുന്നത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ ബസനഗൗഡ പാട്ടീൽ യത്നാൽ പലപ്പോഴായി യെദിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്ന് തുറന്നു പ്രഖ്യാപിച്ചപ്പോൾ മറ്റു മന്ത്രിമാരും എം.എൽ.എമാരും ഇക്കാര്യം ഉന്നയിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, യെദിയൂരപ്പയെ മാറ്റിനിർത്തിക്കൊണ്ടുള്ള നീക്കത്തിന് കേന്ദ്രനേതൃത്വം ഇതുവരെ മുതിർന്നിട്ടില്ല.
മറ്റു നേതാക്കൾ തീവ്ര നിലപാടുകൾ സ്വീകരിക്കുമ്പോഴും പല വിഷയങ്ങളിലും യെദിയൂരപ്പ മിതത്വം പാലിക്കുന്നതും അദ്ദേഹത്തിെൻറ മികവായി രാഷ്ട്രീയ എതിരാളികൾ പോലും കാണുന്നുണ്ട്.
75 വയസ്സിന് മുകളിലുള്ളവർ പദവികളിലിരിക്കരുതെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നയമുണ്ടായിരിക്കെയാണ് പ്രത്യേക പരിഗണനയോടെ യെദിയൂരപ്പ 78ാം വയസ്സിലും കർണാടക മുഖ്യമന്ത്രിയായി തുടരുന്നത്.
മുഖ്യമന്ത്രി കസേരയിൽ കാലാവധി പൂർത്തിയാക്കുകയെന്ന വെല്ലുവിളിയാണ് വരാനിരിക്കുന്ന ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർ സ്നേഹപൂർവം അപ്പാജിയെന്ന് വിളിക്കുന്ന യെദിയൂരപ്പക്ക് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.