ബംഗ്ലാദേശ് സേനയുടെ ​വെടിയേറ്റ്​ ബി.എസ്​.എഫ്​ ജവാൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യത്തിന്‍റെ വെടിയേറ്റ് ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ കക്മാരി ചാർ അതിർത്തി ഔട്ട്പോസ്റ്റിന് സ മീപമാണ് സംഭവം.

അതിർത്തി മേഖലയിലെ പദ്മ നദിയിൽ മീൻ പിടിക്കുകയായിരുന്ന മൂന്ന് ഇന്ത്യക്കാരെ ബംഗ്ലാദേശ് ബോർഡർ ഗാർഡ്സ് പിടികൂടിയിരുന്നു. ഇതിൽ രണ്ട് പേരെ പിന്നീട് വിട്ടയച്ചു. ഫ്ലാഗ് മീറ്റിങ്ങിന് എത്താൻ ബി.എസ്.എഫിനെ അറിയിക്കണമെന്ന് ഇവരോട് നിർദേശിക്കുകയും ചെയ്തു.

തുടർന്ന് ബി.എസ്.എഫ് പോസ്റ്റ് കമാൻഡറും അഞ്ച് സൈനികരും ഫ്ലാഗ് മീറ്റിങ്ങിനായി പോയി. എന്നാൽ, പിടികൂടിയ ഇന്ത്യക്കാരനെ വിട്ടയക്കാൻ ബംഗ്ലാദേശ് ബോർഡർ ഗാർഡ്സ് തയാറായില്ല. ബി.എസ്.എഫുകാരെ തടഞ്ഞുവെക്കാനും ഇവർ ശ്രമിച്ചു.

സാഹചര്യം വഷളാവുന്നത് മനസിലാക്കി ബി.എസ്.എഫ് പിന്തിരിഞ്ഞെങ്കിലും ബംഗ്ലാദേശ് സൈനികർ വെടിവെക്കുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ വിജയ് ബാൻ സിങ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ തലക്കാണ് വെടിയേറ്റത്. മറ്റൊരു ബി.എസ്.എഫ് കോൺസ്റ്റബിളിന്‍റെ കൈക്കാണ് വെടിയേറ്റത്.

ബംഗ്ലാദേശ് സൈന്യത്തിന്‍റെ പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഏറെക്കാലമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

സ്വയം രക്ഷക്കായാണ്​ വെടിയുതിർത്തതെന്ന്​ ബംഗ്ലാദേശ്​
ധാക്ക: ബംഗ്ലാദേശ്​ സേനയുടെ വെടിയേറ്റ്​ ബി.എസ്​.എഫ്​ ജവാൻ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ബംഗ്ലാദേശ്​ അതിർത്തി രക്ഷ സേന ഉദ്യോഗസ്ഥർ. സ്വയം രക്ഷക്കായാണ്​ വെടിയുതിർത്തതെന്നാണ്​ വിശദീകരണം. മീൻപിടിത്തക്കാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട്​ തർക്കമുണ്ടാവുകയും തുടർന്ന്​ ബംഗ്ലാദേശ്​ അതിർത്തി കടന്ന്​ ബി.എസ്​.എഫുകാർ എത്തുകയും ഭീഷണി മുഴക്കുകയും ചെയ്​തുവെന്ന്​ ബംഗ്ലാദേശ്​ ​അതിർത്തി രക്ഷ സേന വാർത്താകുറിപ്പിൽ ആരോപിച്ചു. ഇന്ത്യൻ അതിർത്തിയിലേക്ക്​ മടങ്ങിയ ബി.എസ്​.എഫുകാർ വെടിവെപ്പ്​ തുടങ്ങിയതിനെത്തുടർന്നാണ്​​ തങ്ങൾ പ്രത്യാ​ക്രമണം നടത്തിയതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.


Tags:    
News Summary - BSF soldier shot dead by Bangladesh border guards after flag meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.