യു.പി മേയർ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ വോട്ടുവിഭജന നീക്കം

ലഖ്നോ: ഉത്തർപ്രദേശിൽ മേയർ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ 11ലും മുസ്‍ലിം സ്ഥാനാർഥികളെ നിർത്തി ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) വോട്ടു വിഭജന തന്ത്രം. സമാജ്‍വാദി പാർട്ടി (എസ്.പി)യുടെ പരമ്പരാഗത യാദവ-മുസ്‍ലിം വോട്ടുബാങ്കിൽ വിള്ളൽവീഴ്ത്തി ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കമാണിതെന്ന് ആരോപണമുയർന്നിരിക്കുകയാണ്. സ്വന്തമായി ജയിക്കാൻ കഴിയാത്ത ബി.എസ്.പി ഇതേ തന്ത്രമായിരിക്കും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പയറ്റുകയെന്നും സൂചനയുണ്ട്.

മുസ്‍ലിംകളുടെ യഥാർഥ ഗുണകാംക്ഷി തങ്ങളാണെന്നും അതുകൊണ്ടാണ് ഇത്രയും സീറ്റ് ആ സമുദായാംഗങ്ങൾക്ക് നൽകിയതെന്നുമാണ് മുതിർന്ന ബി.എസ്.പി നേതാവിന്റെ അവകാശവാദം. മേയ് നാല്, 14 തീയതികളിലാണ് വിവിധ മുനിസിപ്പൽ കോർപറേഷനുകളിൽ തെരഞ്ഞെടുപ്പ്. ലഖ്നോ, മഥുര, സഹാറൻപുർ, പ്രയാഗ്രാജ്, മുറാദാബാദ്, മീററ്റ്, ഷാജഹാൻപുർ, ഗാസിയാബാദ്, അലീഗഢ്, ബറേലി എന്നിവിടങ്ങളിലാണ് ബി.എസ്.പി മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയത്.

അതേസമയം, എസ്.പിയും കോൺഗ്രസും നാലു വീതം മുസ്‍ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്. ബി.ജെ.പിയിൽനിന്ന് പതിവുപോലെ ആരുമില്ല.‘ബി.എസ്.പി മുസ്‍ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനു പിന്നിലെന്താണെന്ന് ഓരോ വോട്ടർക്കും അറിയാം. മായാവതിക്ക് സ്വന്തമായി ജയിക്കാൻ കഴിയില്ല, അതുകൊണ്ട് മറ്റാർക്കോവേണ്ടി ഇതു ചെയ്യുന്നു.’ -സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമാണ് ബി.എസ്.പിയെന്നും എല്ലാവർക്കും ഈ തന്ത്രം മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - BSP's vote-splitting move in UP mayor election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.