വിവാഹമോചന വിവാദം: മന്ത്രി കൊണ്ട സുരേഖക്കെതിരെ മാനനഷ്ടക്കേസുമായി നടൻ നാഗാർജുന

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു ആണെന്ന പരാമർശത്തിൽ തെലങ്കാന മന്ത്രി കൊണ്ട സുരേഖക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ നാഗാർജുന അക്കിനേനി.

തനിക്കും കുടുംബത്തിനുമെതിരെ മന്ത്രി നടത്തിയത് അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളാണെന്നും ഇതിന് പൊതുപ്രവർത്തകൻ എന്ന നിലയിൽ പൊതുവേദി ഉപയോഗിച്ചെന്നും നാഗാർജുന പരാതിയിൽ പറയുന്നു.

നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം താനാണെന്ന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവനക്കെതിരെ ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട കെ.ടി.ആർ, അപവാദ പ്രചരണത്തിന് മന്ത്രി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു.

ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കെ.ടി.ആറിനെതിരെ സുരേഖ ഗുരുതര ആരോപണം നടത്തിയത്. തെലങ്കാനയിലെ വനിതാ നേതാക്കളെ ബി.ആർ.എസ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം കെ.ടി. രാമറാവുവാണ്. കെ.ടി.ആർ കാരണം നിരവധി അഭിനേത്രികൾ സിനിമ ഉപേക്ഷിച്ച് നേരത്തെ വിവാഹിതരായിട്ടുണ്ട്. രാമറാവു താരങ്ങളെ ലഹരിമരുന്നിന് അടിമകളാക്കും പിന്നീട് അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുമെന്നും സുരേഖ പറഞ്ഞു.

വിവാദ പരാമർശത്തിൽ മന്ത്രി കൊണ്ട സുരേഖ മാപ്പു പറഞ്ഞിട്ടുണ്ട്. താൻ ആരുടെയും വികാരത്തെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന കെ.ടി.ആറിന്‍റെ സമീപനത്തെ വിമർശിക്കുകയാണ് ചെയ്തതെന്നും അവർ എക്സിൽ കുറിച്ചു. സമാന്തയെയോ കുടുംബത്തെയോ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ഉദ്ദേശ്യമില്ലെന്നും സുരേഖ വ്യക്തമാക്കി.

Tags:    
News Summary - Nagarjuna Akkineni has filed a defamation case against Minister Konda Surekha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.