കാലാവസ്ഥാ ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെയും മറ്റ് ലഡാക്കികളെയും വിട്ടയച്ചു

ന്യൂഡൽഹി: ‘ഡൽഹി ​ചലോ പദയാത്ര’ക്കിലെ ഡൽഹി പൊലീസ് പിടികൂടി തടങ്കലിലിട്ട കാലാവസ്ഥാ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും ലഡാക്കിൽ നിന്നുള്ള നിരവധി പേരും മോചിതരായി. ഇവർ നടത്തിവന്ന പ്രതിഷേധ നിരാഹാരം അവസാനിപ്പിക്കുകയും ബുധനാഴ്ച വൈകുന്നേരം മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. തങ്ങളുടെ ആവശ്യങ്ങൾ പട്ടികപ്പെടുത്തിക്കൊണ്ട് സംഘം സർക്കാറിന് ഒരു നിവേദനം നൽകി. ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ഉറപ്പ് നൽകിയതായും തുടർന്ന് നിരാഹാരം അവസാനിപ്പിച്ചുവെന്നും വാങ്ചുക്ക് പറഞ്ഞു.

‘ഭരണഘടനാ വ്യവസ്ഥകൾക്ക് കീഴിൽ ലഡാക്കിനെ സംരക്ഷിക്കാൻ ഞങ്ങൾ സർക്കാറിന് ഒരു നിവേദനം നൽകിയിട്ടുണ്ട്. അതി​ന്‍റെ പരിസ്ഥിതി സംരക്ഷിക്കാൻ കഴിയുംവിധത്തിൽ ആറാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തണം. അത് തദ്ദേശവാസികൾക്ക് ഭരണത്തിനും വിഭവങ്ങൾ കൈകാര്യം ചെയ്യാനും അവകാശം നൽകും’ - വാങ്ചുക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഹിമാലയൻ മേഖലയിലെ പ്രദേശവാസികൾ ശാക്തീകരിക്കപ്പെടണം. കാരണം അവർക്കേ അത് മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയെയോ രാഷ്ട്രപതിയെയോ ആഭ്യന്തര മന്ത്രിയെയോ കാണാമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പ് നൽകിയതായും കൂടിക്കാഴ്ച തീയതി രണ്ട് ദിവസത്തിനുള്ളിൽ സ്ഥിരീകരിക്കുമെന്നും വാങ്ചുക്ക് അറിയിച്ചു.

ഹിമാലയൻ ഹിമാനികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് ലേയിൽ നിന്നാരംഭിച്ച ‘ഡൽഹി ചലോ പദയാത്ര’ നയിച്ചിരുന്നത് വാങ്ചുക്കായിരുന്നു. കേന്ദ്ര ഭരണ പ്രദേശത്തിന് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഡൽഹിയിലേക്കുള്ള മാർച്ച്. എന്നാൽ, തിങ്കളാഴ്ച രാത്രി ഡൽഹിയിലെ സിങ്കു അതിർത്തിയിൽ വെച്ച് 170 ഓളം പേരെ കസ്റ്റഡിയിലെടുത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇവർ തടവിൽ നിരാഹാര സമരം ആരംഭിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരത്തോടെ വാങ്‌ചുക്കിനെയും മറ്റുള്ളവരെയും വിട്ടയച്ചതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മധ്യ ഡൽഹിയിൽ 163ാം വകുപ്പ് ചുമത്തിയിരിക്കുന്നതിനാൽ ഒത്തുകൂടുകയോ യാത്ര നടത്തുകയോ ചെയ്യില്ലെന്ന ഉറപ്പ് വാങ്ങിയതിനു​ശേഷമാണ് അവരെ പോകാൻ അനുവദിച്ചതെന്ന് ഓഫിസർ പറഞ്ഞു. വാങ്‌ചുക്കിനെ ബവാന പോലീസ് സ്റ്റേഷനിലും മറ്റുള്ളവരെ ഡൽഹി-ഹരിയാന അതിർത്തിയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലുമാണ് അടച്ചിരുന്നത്. സർക്കാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വാങ്‌ചുക്ക് കുറച്ച് ദിവസം കൂടി ഡൽഹിയിൽ തങ്ങിയേക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Climate activist Sonam Wangchuk and others released from detention, breaks fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.