ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണ ദിനമാണ്. 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിനാണ് നടക്കുക. ഒക്ടോബർ എട്ടിന് വോട്ടെണ്ണും.
ബി.ജെ.പിയിലും കോൺഗ്രസിലും സീറ്റ് ലഭിക്കാത്തവർ വിമതരായി മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോൺഗ്രസിലും വിമതശല്യമുണ്ട്. തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാൻ തീരുമാനിച്ച 13 നേതാക്കളെ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്താക്കിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് കോൺഗ്രസിന്റെ താരം.
ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാൻ ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉൾപ്പെടെ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് വാഗ്ദാനങ്ങൾ. സ്ത്രീ ശാക്തീകരണം, കാർഷിക അഭിവൃദ്ധി, സാമൂഹിക സുരക്ഷ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കൽ, പാവപ്പെട്ടവർക്ക് പാർപ്പിടം, പിന്നാക്ക വിഭാഗങ്ങളുടെ അവകാശം ഉറപ്പാക്കൽ എന്നിവയാണ് മറ്റ് ഗാരന്റികൾ.
ജാതി സർവേ, വിളകൾക്ക് നിയമപരിരക്ഷ, 500 രൂപ നിരക്കിൽ ഗ്യാസ് സിലിണ്ടർ, 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, രണ്ട് ലക്ഷം ഒഴിവുകളിൽ നിയമനം, വാർധക്യ -വികലാംഗ- വിധവ പെൻഷനുകൾ 6,000 രൂപയാക്കും, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കും, പാവങ്ങൾക്ക് മൂന്നര ലക്ഷം രൂപ ചെലവിൽ രണ്ട് മുറിയുള്ള വീട്, ക്രീമിലെയർ പരിധി 10 ലക്ഷമാക്കും, വിള നഷ്ടപരിഹാരം ഉടൻ നൽകും തുടങ്ങിയവയാണ് മറ്റ് പ്രധാന ഉറപ്പുകൾ.
2014ൽ കോൺഗ്രസിൽ നിന്നും സംസ്ഥാനം പിടിച്ചെടുത്ത ബി.ജെ.പി 2019ലും ഭരണം നിലനിർത്തി. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് 2019ൽ കോൺഗ്രസിന് തിരിച്ചടിയായത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഇക്കുറിയും കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം നേടിയിട്ടുണ്ട്. ഇതിനെതിരെ രംഗത്തുവന്ന കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല എന്നീ നേതാക്കൾ ഹൈകമാൻഡ് ഇടപെടലിനെ തുടർന്ന് എതിർപ്പ് പരസ്യമാക്കിയിട്ടില്ല. 10 വർഷമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ബി.ജെ.പി ഹാട്രിക് തികക്കാമെന്ന കണക്കുകൂട്ടലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.