ലഖ്നോ: മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയാത്രക്കാരിയായ ബി.ടെക് വിദ്യാർഥിനി റോഡിൽ വീണ് മരിച്ച സംഭവത്തിലെ പ്രതികളിലൊരാളെ യു.പി പൊലീസ് വെടിവെച്ചുകൊന്നു. ഗാസിയാബാദിൽ നടന്ന സംഭവത്തിലാണ് ജിതേന്ദ്ര എന്ന കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടത്. മറ്റൊരു പ്രതിയായ ബൽബീർ ശനിയാഴ്ച രാത്രി പിടിയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കുശേഷം ഗാസിയാബാദിലെ എ.ബി.ഇ.എസ് എൻജിനീയറിങ് കോളജിൽനിന്ന് മറ്റൊരു വിദ്യാർഥിനിക്കൊപ്പം ഓട്ടോറിക്ഷയിൽ ഹാപൂരിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു 19കാരിയായ കീർത്തി സിങ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ പിന്തുടർന്ന പ്രതികൾ മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയിൽനിന്ന് വലിച്ചിടുകയായിരുന്നു. ഇവർ ഫോണുമായി രക്ഷപ്പെടുകയും ചെയ്തു. റോഡിലെ
ഡിവൈഡറിൽ തലയിടിച്ച് ഗുരുതര പരിക്കുമായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കീർത്തി ഞായറാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ, മസൂറിയിൽ ചെക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചുപോയി. പൊലീസിനുനേരെ വെടിവെക്കുകയും ചെയ്തു. ഒരു പൊലീസുകാരന് വെടിയേറ്റു. പൊലീസ് തിരിച്ച് വെടിവെച്ചതിനാലാണ് ജിതേന്ദ്രക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 12 കേസുകളിൽ പ്രതിയായ ജിതേന്ദ്രയെ കുറിച്ച് സൂചന നൽകുന്നവർക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബൽബീറിൽനിന്ന് കീർത്തിയുടെ ഫോണുൾപ്പെടെ കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.