മുംബൈ: നൂറിലേറെ പ്രമുഖ മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച 'ബുള്ളി ബായ്' ആപ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എം.ബി.എ ബിരുദധാരിയായ നീരജ് സിങ്ങിനെയാണ് ഒഡിഷയിൽനിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ് ഗൂഢാലോചനയിൽ പങ്കാളിയായ ഇയാളെ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചേക്കും.
അതേസമയം, ബുള്ളി ബായ് ആപ് കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി നീരജ് ഭിഷ്ണോയിയെ മുംബൈയിലെത്തിച്ചു. മുംബൈ പൊലീസ് സംഘം ഡൽഹിയിൽ ചെന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഭിഷ്ണോയിയെ ബാന്ദ്ര മജിസ്ട്രേട്ട് കോടതി 27വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുള്ളി ഡീലുമായി ബന്ധപ്പെട്ട് ഭിഷ്ണോയിയുടെ കൂട്ടാളിയായ ഓംകാരേശ്വർ താക്കൂറും മുംബൈ പൊലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്.
ഇതിനിടയിൽ ബുള്ളി ബായ് കേസിൽ നേരത്തെ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന വിശാൽ കുമാർ ത്ധാ, മായങ്ക് റാവത്ത്, ശ്വേത സിങ് എന്നിവരുടെ ജാമ്യാപേക്ഷ ബാന്ദ്ര മജിസ്ട്രേട്ട് കോടതി തള്ളി. മുസ്ലിം സ്ത്രീകളെ തേജോവധം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മുസ്ലിം, സിഖ് സമുദായങ്ങൾക്കിടയിൽ ശത്രുത ലക്ഷ്യമിട്ടാണ് ട്വിറ്റർ ഹാൻഡിലിനും മറ്റ് ഐ.ഡികൾക്കും സിഖുകാരുമായി ബന്ധപ്പെട്ട പേരുകളിട്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു. 'സുള്ളി ഡീലി'ന് പിന്നിൽ പ്രവർത്തിച്ചവരുമായി ഇവർക്ക് ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.