കൺമുന്നിൽ മണ്ണിടിച്ചിൽ; നൈനിറ്റാളിൽ ബസ് യാത്രക്കാർ രക്ഷപ്പെട്ടത് കഷ്ടിച്ച്

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് മണ്ണിടിച്ചിലിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. തൊട്ടുമുമ്പിൽ റോഡിനടുത്ത മലയിൽ നിന്നും മണ്ണും പാറകളും വീഴുന്നത് കണ്ട് ബസ് നിർത്തിയതിനാൽ ദുരന്തം ഒഴിവായി.

ഉത്തരാഖണ്ഡിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നൈനിറ്റാളിൽ വെള്ളിയാഴ്ചയാണ് സംഭവം. വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ട സംഭവത്തിൻെറ വീഡിയോയിൽ ചില യാത്രക്കാർ ലഗേജുമായി ബസിൽ നിന്ന് ഓടിപ്പോകുന്നതും കാണാം. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ വാഹനം സുരക്ഷിതമായ അകലത്തിലേക്ക് റിവേഴ്സ് എടുക്കുകയായിരുന്നു. കടപുഴകിയ മരങ്ങൾക്കൊപ്പം മലയുടെ ഒരു ഭാഗം താഴേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷപ്പെട്ട യാത്രക്കാർ ആശ്വാസത്തിൻെറ നെടുവീർപ്പിടുന്നത് വിഡിയോയിൽ കേൾക്കുന്നുണ്ട്.

മേഖലയിലെ കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന ദുരന്ത നിവാരണ സേനക്ക് (SDRF) ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച സംസ്ഥാനത്ത് 29.5 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം ഹിമാചൽ പ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകൾ വീണ് ടെമ്പോ ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഒമ്പത് വിനോദസഞ്ചാരികൾ മരിക്കുകയും ഒരു പ്രദേശവാസിയടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




Tags:    
News Summary - Bus narrowly escapes fatal accident in Nainital after mountain landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.