ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ ഏതൊക്കെ? പട്ടികയിൽ കേരളത്തിലെ വിമാനത്താവളവും

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ചിലത് ഇന്ത്യയിലാണെന്ന് നിങ്ങൾക്കറിയാമോ? 2024 സാമ്പത്തിക വർഷം വിമാന യാത്രയിൽ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. 376.4 ദശലക്ഷം യാത്രക്കാർ ഇന്ത്യൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു വിമാനത്താവളവും ഉൾപ്പെടുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോർബ്സിന്‍റെ പട്ടികയിൽ എട്ടാമതായി സ്ഥാനം പിടിച്ചത്.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. 2009 മുതൽ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്‍റെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ വിമാനത്താവളമാണിത്.

രണ്ടാം സ്ഥാനത്ത് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ജനവാസമുള്ള ആറ് ഭൂഖണ്ഡങ്ങളിലേക്കും വിമാനയാത്രക്ക് സൗകര്യമുണ്ട് ഇവിടെ. ബംഗളൂരുവിലെ കംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ബാംഗ്ലൂരിന്‍റെ സ്ഥാപകനായ കംപെ ഗൗഡ ഒന്നാമന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. കർണാടകയിലെ ആദ്യത്തെ പൂർണ സൗരോർജ്ജ വിമാനത്താവളം കൂടിയാണിത്.

നാലാം സ്ഥാനത്ത് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ആഭ്യന്തര, അന്തർദേശീയ ഇ-ബോർഡിങ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്. ചെന്നൈ ആന്താരാഷ്ട്ര വിമാനത്താവളമാണ് പാസഞ്ചർ ട്രാഫിക്കിനും എയർക്രാഫ്റ്റ് നീക്കങ്ങൾക്കും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ആറാം സ്ഥാനത്ത്. ഏറ്റവും പഴക്കമേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്.

ഗുജറാത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ വിമാനത്താവളമായ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏഴാമത്. കേരളത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളവും ഇതാണ്. പൂണെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഒമ്പതാം സ്ഥാനത്ത്. ഗോവയിലെ ദബോലിം വിമാനത്താവളമാണ് 10ാം സ്ഥാനത്തുള്ളത്. 

Tags:    
News Summary - Top 10 busiest airports in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.