ന്യൂഡൽഹി: ക്രൗഡ്സ്ട്രൈക്ക് സൈബർ സുരക്ഷാ സോഫ്റ്റ്വെയർ അപ്ഡേറ്റിലെ പിഴവ് കാരണം നിശ്ചലമായ വിൻഡോസ് സേവനം പുനരാരംഭിക്കുന്നതിന് മൈക്രോസോഫ്റ്റ് നൂറുകണക്കിന് എൻജിനീയർമാരെയും വിദഗ്ധരെയും നിയോഗിച്ചു. 85 ലക്ഷം കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചതായാണ് കണക്കാക്കുന്നത്. ലോകത്താകെയുള്ള വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഒരുശതമാനത്തിൽ താഴെയാണ് ഇത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതുൾപ്പെടെ വൻ പ്രതിസന്ധിയാണ് ഇതുവഴി ലോകം നേരിട്ടത്.
തകരാറിലായ കമ്പ്യൂട്ടറുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സോഫ്റ്റ്വെയറുകൾ അപ്ഡേറ്റുകൾ ചിലപ്പോൾ തടസ്സങ്ങളുണ്ടാക്കാമെങ്കിലും ക്രൗഡ്സ്ട്രൈക്കിന് സംഭവിച്ചതുപോലുള്ള പ്രശ്നങ്ങൾ വിരളമാണെന്നും കമ്പനി പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ഗൂഗ്ൾ ക്ലൗഡ് പ്ലാറ്റ്ഫോം, ആമസോൺ വെബ് സർവിസസ് തുടങ്ങിയ സേവനങ്ങളും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. അതേസമയം, പൂർണതോതിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.
കമ്പ്യൂട്ടർ തകരാറിനെതുടർന്ന് മൂന്നാം ദിവസവും നിരവധി വിമാനങ്ങൾ റദ്ദാക്കി. ബ്രിട്ടനിൽ ഈസിജെറ്റ് എയർലൈൻസ് 24 വിമാനങ്ങളും ബ്രിട്ടീഷ് എയർവേസ് 12ഓളം വിമാനങ്ങളും റദ്ദാക്കി. ആശുപത്രികളുടെയും ബാങ്കുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. അടുത്തയാഴ്ചയും ആശുപത്രി സേവനം തടസ്സപ്പെടുമെന്ന് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവിസസ് മുന്നറിയിപ്പ് നൽകി. അപ്പോയ്ന്റ്മെന്റുകൾക്കും ആശുപത്രി രേഖകൾ എടുക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.
അതിനിടെ, തകരാർ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പ് വെബ്സൈറ്റുകളുടെ ലിങ്കുകളും അനൗദ്യോഗിക കോഡുകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്ന് ആസ്ട്രേലിയയുടെ സൈബർ ഇന്റലിജൻസ് ഏജൻസിയായ ആസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് (എ.എസ്.ഡി) മുന്നറിയിപ്പ് നൽകി. ജൂലൈ 18ന് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് നടത്തിയതോടെയാണ് ലോകമാകെയുള്ള കമ്പ്യൂട്ടറുകൾ തകരാറിലായത്. തുടർന്ന്, ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി പ്രതിസന്ധിയാണ് ലോകം നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.