ഇന്ത്യക്ക് ‘മധ്യരേഖ’യുണ്ടായിരുന്നെന്ന് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം

ന്യൂഡൽഹി: ലോകത്ത് സമയസൂചികയായി ഇംഗ്ലണ്ടിലെ ഗ്രീനിച്ച് ആസ്ഥാനമാക്കിയുള്ള ഗ്രീനിച്ച് രേഖ പ്രാബല്യത്തിലാകുന്നതിന് ഏറെ മുമ്പ് മധ്യപ്രദേശിലെ ഉൈജ്ജയ്ൻ മുറിച്ചുകടന്ന് പോകുന്ന ‘മധ്യരേഖ’ നിലനിന്നിരുന്നുവെന്ന് പുതുതായി പുറത്തിറങ്ങിയ എൻ.സി.ഇ.ആർ.ടി ആറാം ക്ലാസ് പുസ്തകം. ജാതി വിവേചനം വിട്ടുകളഞ്ഞും അംബേദ്കർ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൂചനകൾ മാറ്റിയും പുറത്തിറങ്ങിയ പുസ്തകത്തിൽ ഹാരപ്പൻ സംസ്കാരത്തിന് പേര് ‘സിന്ധു-സരസ്വതി’ എന്നുമായി മാറിയിട്ടുണ്ട്.

‘ഗ്രീനിച്ച് രേഖയല്ല തുടക്കം മുതലുള്ള പ്രഥമ രേഖാംശരേഖ. പണ്ടുകാലത്ത് വേറെയുമുണ്ടായിരുന്നു. യൂറോപ്പിന് നൂറ്റാണ്ടുകൾ മുമ്പ് ഇന്ത്യക്കും സ്വന്തമായി പ്രഥമ രേഖാംശരേഖയുണ്ടായിരുന്നു. അതിന് ‘മധ്യരേഖ’ എന്നായിരുന്നു പേര്. നൂറ്റാണ്ടുകളായി ജ്യോതിശാസ്ത്ര കേന്ദ്രമായിരുന്ന ഉെജ്ജയ്നി (ആധുനിക കാല ഉെജ്ജയ്ൻ)യിലൂടെയാണ് അത് കടന്നുപോയത്. പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ വരാഹമിഹിരൻ 1,500 വർഷം മുമ്പ് ഇവിടെയാണ് താമസിച്ചിരുന്നത്. അക്ഷാംശ, രേഖാംശ രേഖകളെക്കുറിച്ച് അക്കാലത്തെ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർക്ക് ധാരണയുണ്ടായിരുന്നു.

‘ഇന്ത്യയിലെ എല്ലാ ജ്യോതിശാസ്ത്ര പുസ്തകങ്ങളിലും ഉെജ്ജയ്നി പ്രഥമ രേഖാംശരേഖ ഒരു റഫറൻസ് ആയിരുന്നു’- പുസ്തകം പറയുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ആരംഭത്തെക്കുറിച്ച് പറയുന്നിടത്ത് പഴയതിൽനിന്ന് വ്യത്യസ്തമായി നിരവധി തവണ ‘സരസ്വതി’ പുഴ പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ഘാഗ്രയെന്നും പാകിസ്താനിൽ ഹക്രയെന്നുമാണ് ഇപ്പോൾ സരസ്വതി പുഴ വിളിക്കപ്പെടുന്നതെന്നും പുസ്തകം പറയുന്നു.

വേദങ്ങളെക്കുറിച്ച് പറയുന്നിടത്ത് ജാതികളെക്കുറിച്ചും ശൂദ്രർക്കും സ്ത്രീകൾക്കും ഇത് പഠിക്കാൻ വിലക്കുണ്ടായിരുന്നതിനെക്കുറിച്ചും പരാമർശം തീരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ പാഠപുസ്തകത്തിൽ നാലു ജാതികളുള്ളതും താഴ്ന്ന ജാതിക്കാർക്ക് വേദം വിലക്കപ്പെട്ടതും വിശദമായി പരാമർശിച്ചിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, സിവിക്സ് എന്നിങ്ങനെ വ്യത്യസ്ത പുസ്തകങ്ങളായിരുന്നത് ഒന്നിലേക്ക് ചുരുക്കിയാണ് പുതിയത്. അശോക ചക്രവർത്തിയെക്കുറിച്ച് പേര് പറഞ്ഞുപോകുന്നതല്ലാതെ ഒന്നും പരിചയപ്പെടുത്തുന്നില്ലെന്ന സവിശേഷതയുമുണ്ട്.

Tags:    
News Summary - New NCERT Textbook Refers To Harappan Society As 'Sindhu-Sarasvati Civilisation'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.