ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടത്തിയ ലോക്ക്ഡൗണിനെ തുടർന്ന് സ്വന്തം വീടുകളിലേക്കുള് ള നീണ്ട യാത്ര നിർത്തി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകണ മെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. തൊഴിലാളികൾക്ക് ഭക്ഷണം, വൈദ്യസഹായം, കൗൺസിലിങ് എന്നിവ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അന്തർ സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.
കുടിയേറ്റം നിർത്തിപ്പിച്ച സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, പോഷണം, വൈദ്യസഹായം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക്ഡൗൺ തങ്ങളുടെ ഭാവിജീവിതത്തെ മോശമായി ബാധിക്കുമെന്ന തൊഴിലാളികളുടെ ഭയം ശമിപ്പിക്കുന്നതിന് നടപടിയുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
‘‘വൈറസിനേക്കാൾ കൂടുതൽ നിലവിലുള്ള സ്ഥിതിയെ കുറിച്ചുള്ള പരിഭ്രാന്തി ജീവിതത്തെ നശിപ്പിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം. അവർക്ക് കൗൺസലിങ് ആവശ്യമുണ്ട്. ഉപദേഷ്ടാക്കളെ ആവശ്യമുണ്ട്. ഭജനയോ, കീർത്തനമോ, നമസ്കാരമോ ചെയ്യാം, എന്നാൽ ജനങ്ങൾക്ക് കരുത്ത് പകരണം’’- അഭയകേന്ദ്രങ്ങളിലുള്ള തൊഴിലാളികൾക്ക് ആശ്വാസം പകരാൻ എല്ലാ മതനേതാക്കളുടെയും സഹായം അഭ്യർഥിക്കണമെന്ന് സർക്കാറിനെ ഓർമ്മിച്ചുകൊണ്ട് കോടതി പറഞ്ഞു. പരിശീലനം ലഭിച്ച കൗൺസിലർമാരും മതനേതാക്കളും ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ മാനസിക സംഘർഷം കുറക്കാൻ സഹായിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
പരിശീലനം ലഭിച്ച കൗൺസിലർമാരെയും മതനേതാക്കളെയും 24 മണിക്കൂറിനുള്ളിൽ ക്യാമ്പുകളിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ അന്തർസംസ്ഥാന തൊഴിലാളികളെയും ചൊവ്വാഴ്ച 11 മണിക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വെല്ലുവിളിയാകുന്നത് വ്യാജവാർത്തകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ശരിയായ വിവരങ്ങൾ പുറത്തുവിടാൻ വാർത്താസമ്മേളനങ്ങൾ സജ്ജീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ട്വിറ്റർ, ടിക് ടോക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പരക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
വൈറസ് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും സുപ്രീംകോടതി ആരാഞ്ഞു. ജനവുവരി 17 മുതൽ കേന്ദ്രസർക്കാർ തയാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വൈറസ് പടരുന്ന തോത് കുറവാണെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
ഇന്ത്യയിൽ 1,200 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 32 പേർക്ക് ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.