ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ചയാളുടെ പിന്നാക്കസംവരണത്തിനായ അവകാശവാദം മദ്രാസ് ഹൈകോടതി മധുര ബെഞ്ച് നിരസിച്ചു. സംവരണ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതിനാൽ തന്റെ ഫലം തടഞ്ഞുവെച്ച തമിഴ്നാട് പബ്ലിക് സർവിസ് കമീഷൻ (ടി.എൻ.പി.എസ്.സി) തീരുമാനത്തെ ചോദ്യംചെയ്ത് യു. അക്ബർ അലി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവ്.
അക്ബറിനെ ഓപൺ കാറ്റഗറിയിൽ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂവെന്ന് ടി.എൻ.പി.എസ്.സി അറിയിക്കുകയായിരുന്നു. തുടർന്നാണ് ഈ തീരുമാനത്തെ ചോദ്യംചെയ്ത് അക്ബർ കോടതിയെ സമീപിച്ചത്. മതപരിവർത്തനത്തിന് ശേഷം താൻ ഇപ്പോൾ മുസ്ലിം ലബ്ബൈ സമുദായത്തിലാണെന്ന് അക്ബർ അലി അവകാശപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട്ടിലെ എല്ലാ മുസ്ലിംകളെയും പിന്നാക്കവിഭാഗമായി പരിഗണിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റാവുത്തർ, മരയ്ക്കാർ, മാപ്പിള, സയ്യിദ്, ഷെയ്ക്ക് സമുദായങ്ങൾ ഉൾപ്പെടെ അൻസാർ, ദഖനി, ദുദെകുല, ലബ്ബൈ എന്നിവ മാത്രമാണ് സംസ്ഥാനത്ത് പിന്നാക്കവിഭാഗത്തിൽ വരുന്നതെന്ന് കോടതി പറഞ്ഞു.
രാമനാഥപുരം ജില്ലയിലെ ഖാദി നൽകിയ സർട്ടിഫിക്കറ്റിൽ ഹരജിക്കാരൻ മുസ്ലിം എന്ന് മാത്രമേ പറയുന്നുള്ളൂ. റവന്യൂ അധികൃതർക്കോ മതേതര സർക്കാറിനോ മതപരിവർത്തനം ചെയ്യപ്പെട്ട വ്യക്തിയെ മതത്തിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാറ്റാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഓപൺ കാറ്റഗറിയിൽ പരിഗണിക്കാനുള്ള ടി.എൻ.പി.എസ്.സിയുടെ തീരുമാനം ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.