ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് ജനങ്ങൾക്കിടയിൽ താലിബാൻകാരെ സൃഷ്ടിക്കുകയാണെന്ന് മമത ആരോപിച്ചു.
കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിെൻറ വാർഷിക മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. വർഗീയ കലാപത്തിെൻറ ചോരപുരണ്ട കൈകളുള്ളവരാണ് രാജ്യത്തെ നയിക്കുന്നത്. ബി.ജെ.പിയുടെ ധാർഷ്ഠ്യവും ഭീഷണിയും വ്യാജ പ്രചാരണവും ജനങ്ങൾ സ്വീകരിക്കരുത്. ഒരു പന്തൽ കെട്ടാൻപോലും അറിയാത്തവരാണ് രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഡ്നാപുർ റാലിക്കായി ഒരുക്കിയ പന്തൽ തകർന്ന് 50 സ്ത്രീകൾക്കടക്കം 90 പേർക്ക് പരിക്കേറ്റ സംഭവം സൂചിപ്പിച്ച് മമത പരിഹസിച്ചു.
രാജ്യമെമ്പാടും ആൾക്കൂട്ട ആക്രമണത്തിെൻറ രൂപത്തിൽ ജനങ്ങൾക്കിടയിൽ താലിബാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് മമത കുറ്റപ്പെടുത്തി. എന്നാൽ, ഈ രണ്ട് സംഘടനകളിലും നല്ല മനുഷ്യരുണ്ടെന്നും അവരെ ബഹുമാനിക്കുന്നതായും അവർ പറഞ്ഞു. രാജസ്ഥാനിലെ ആൽവാറിൽ കാലിക്കടത്ത് ആരോപിച്ച് 28കാരനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് മമത ബി.ജെ.പി താലിബാനിസം വളർത്തുന്നുവെന്ന് ആരോപിച്ചത്.
‘ബി.ജെ.പി ഹഠാവോ, ദേശ് ബചാവോ’ മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് തൃണമൂൽ കോൺഗ്രസ് പ്രചാരണം ആരംഭിക്കും. 2019ലെ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ 42 ലോക്സഭ സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിക്കും. ഇത് ഞങ്ങളുടെ പ്രതിജ്ഞയാണ്. രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിയെ ഞങ്ങൾ തൂത്തെറിയും. ജനുവരിയിൽ ഇവിടെ വൻ റാലി സംഘടിപ്പിക്കും. അതിലേക്ക് എല്ലാ പ്രതിപക്ഷ നേതാക്കളെയും ക്ഷണിക്കുമെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.