ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി പൊലീസ് കേസുകൾ നേരിടുന്ന ചലച്ചിത്രകാരിയാണ് ലീന മണിമേഖല. 'കാളി' എന്ന അവരുടെ പുതിയ സിനിമയുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നിരവധി സംഘടനകൾ രംഗത്തുവന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് സ്വന്തം സ്ഥലമായ തമിഴ്നാട്ടിലേക്ക് മടങ്ങാനാവാതെ അവർ കാനഡയിലെ ടൊറന്റോയിൽ കുടുങ്ങിയിരിക്കുകയാണ്. സ്വന്തം അമ്മൂമ്മ മരിച്ചിട്ട് അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല എന്നുപറഞ്ഞ് ലീനതന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി വിവരം അറിയിച്ചത്. ഇന്ത്യൻ ഭരണകൂടം തന്നെ ഒരു 'ക്രിമിനൽ' ആയി ചിത്രീകരിച്ചിരിക്കുന്നതിനാൽ നാട്ടിൽ എത്താനാകുന്നില്ല എന്നാണ് സംവിധായിക വ്യക്തമാക്കുന്നത്.
"അവ്വ, എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഒരു യാത്രയയപ്പ് പോലും, ഒന്ന് ചുംബിക്കാൻ പോലും കഴിയാത്ത ഞാൻ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ടൊറന്റോയിൽ കുടുങ്ങിക്കിടക്കുന്നു, കാരണം ഞാൻ ഒരു "ക്രിമിനൽ" ആയതിനാൽ എന്നെ വന്നാലുടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്ത്യൻ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യൻ സർക്കാർ ഒമ്പത് എഫ്.ഐ.ആറുകളിൽ എന്നെ വിമാനത്താവളത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ "ലുക്ക് ഔട്ട് സർക്കുലർ" പുറപ്പെടുവിച്ചു - എല്ലാം ഒരു ഫിലിം പോസ്റ്ററിന്റെ പേരിൽ" -മുത്തശ്ശിക്കൊപ്പം ഏറ്റവും അവസാനം എടുത്ത ചിത്രത്തിനൊപ്പം ലീന ഫേസ്ബുക്കിൽ കുറിച്ചു. ലീന കാനഡയിലേക്ക് പോകുന്നതിന് മുമ്പാണ് അവർ ഈ ചിത്രം എടുത്തത്. 'കാതടി' എന്ന തന്റെ ചിത്രത്തിനായി താൻ തന്നെ മുത്തശ്ശിയെ അഭിമുഖം നടത്തിയിരുന്നതായും മണിമേഖല പറഞ്ഞു.
"എന്റെ ബിരുദദാനത്തിനും എന്റെ തീസിസ് സിനിമയുടെ പ്രീമിയറിനും പങ്കെടുക്കുമെന്ന് അമ്മൂമ്മ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവിതം വീണ്ടും ക്രൂരമാണെന്ന് തെളിയിക്കുന്നു" -ലീന പറഞ്ഞു. എല്ലാ കേസുകളിലും താൻ വിജയിക്കുമെന്ന് മുത്തശ്ശി മൂന്ന് ദിവസം മുമ്പ് അമ്മയോട് പറഞ്ഞിരുന്നുവെന്ന് അവർ പറയുന്നു.
തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ടൊറന്റോയിൽ താമസിക്കുന്ന ലീന മണിമേഖല കഴിഞ്ഞ മാസം ആദ്യം തന്റെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരുന്നു. കാളിയെപ്പോലെ വസ്ത്രം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് പോസ്റ്ററിൽ ഉള്ളത്. ലൈംഗീക ന്യൂനപക്ഷങ്ങളെ സൂചിപ്പിക്കുന്ന ഒരു മഴവിൽ കൊടിയും പശ്ചാത്തലത്തിൽ കാണുന്ന രീതിയിലായിരുന്നു പോസ്റ്റർ.
ഹിന്ദു ദേവതയെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചുവെന്നാരോപിച്ച് ഡോക്യുമെന്ററി നിരോധിക്കണമെന്ന ഹരജിയിൽ ഡൽഹി കോടതി ഓഗസ്റ്റ് 29ന് കൂടുതൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.