ന്യൂഡൽഹി: വധശിക്ഷ നിയമപരമാണെന്നും അതിൽ സംവാദത്തിെൻറ ആവശ്യമില്ലെന്നും ഒന്നിനെതിരെ രണ്ട് ജഡ്ജിമാരുടെ ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. മൂന്നംഗ ബെഞ്ചിെൻറ അധ്യക്ഷനായ മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫ് വധശിക്ഷക്ക് എതിരായ നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ത് ഗുപ്തയും നിയമപുസ്തകത്തിലെ പരമാവധി ശിക്ഷ വിധിക്കാവുന്നതാണെന്ന് തീർപ്പ് കൽപിക്കുകയായിരുന്നു. വധശിക്ഷക്കായി കേസുകൾ വൈകാരികമാക്കി അന്വേഷണ ഏജൻസികൾ കോടതിക്കുമേൽ സമ്മർദം ചെലുത്തുകയാണെന്ന് വിയോജിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് കുറ്റപ്പെടുത്തി. കുറ്റകൃത്യം തടയുന്നതിൽ വധശിക്ഷ പരാജയമാണെന്ന് അദ്ദേഹം ന്യൂനപക്ഷവിധി പുറപ്പെടുവിച്ചു.
അതേസമയം, വിധിക്ക് നിദാനമായ കേസിൽ പ്രതിയായ ചന്നുലാൽ വർമയുടെ വധശിക്ഷ മൂന്നംഗ ബെഞ്ച് െഎകകണ്ഠ്യേന ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തു. 2011ൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണ് ചന്നുലാൽ വർമക്ക് വധശിക്ഷ വിധിച്ചത്. അതിനെതിരെ സമർപ്പിച്ച അപ്പീൽ സ്വീകരിച്ച മൂന്നംഗബെഞ്ച് പ്രതിക്ക് മാനസാന്തരം വരുന്നതിന് ഇനിയും സാധ്യതയുള്ളതിനാൽ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി മാറ്റുകയാണെന്ന് പറഞ്ഞു.
സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ വധശിക്ഷ രീതി പരാജയപ്പെട്ടുവെന്ന 262ാം നിയമ കമീഷൻ റിപ്പോർട്ട് ഉദ്ധരിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് വിചാരണ പലപ്പോഴും പൊതുജനാഭിപ്രായത്തിന് വിധേയമാകുന്നുണ്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി.
ബെഞ്ചിലെ ഏറ്റവും മുതിർന്ന ജഡ്ജിയുടെ ഇൗ അഭിപ്രായം മറ്റു രണ്ട് ജഡ്ജിമാർ തള്ളിക്കളഞ്ഞു. വധശിക്ഷ ഒരു സംവാദമാക്കേണ്ട ആവശ്യമില്ലെന്ന് രണ്ട് ജഡ്ജിമാർക്കും കൂടി വേണ്ടി വിധി വായിച്ച ജസ്റ്റിസ് ദീപക് ഗുപ്ത വ്യക്തമാക്കി. 1980കളിലെ ബച്ചൻ സിങ് മച്ചിസിങ് കേസിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണെന്ന് വിധിച്ചതാണെന്നും ഭൂരിപക്ഷ വിധിപ്രസ്താവത്തിൽ ഗുപ്ത തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.