''ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ 'കോവിഡ് വാക്സിൻ സബ്സിഡി' നേടാനുള്ള അവസരം ഇന്ന് താങ്കൾക്ക് കൈവന്നിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രൂപം നൽകിയ ദുരിതാശ്വാസ പദ്ധതിയാണിത്. അതിന്‍റെ ഭാഗമായി ദിവസവും തെരഞ്ഞെടുത്ത പതിനായിരം പേർക്ക് അരലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് കോവിഡ് വാക്സിൻ സബ്സിഡിയായി നൽകുന്നത്. താഴെ തന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.'' എന്ന ഒരു മെസേജ് നമ്മിൽ പലർക്കും ലഭിച്ചിരിക്കും.
ഒറ്റനോട്ടത്തിൽ തന്നെ സംഗതി തട്ടിപ്പാണെന്ന് മിക്കവർക്കും കത്തുമെങ്കിലും 'അഥവാ ബിരിയാണി കൊടുത്താലോ' എന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരും വിരളമാവില്ല. ''ലോകാരോഗ്യ സംഘടനയല്ലേ, അവർ ഇങ്ങനെ പറ്റിക്കുകയൊക്കെ ചെയ്യുമോ? അതും ഈ മഹാമാരിക്കാലത്ത്...'' എന്നൊക്കെ ചിന്തിച്ച് ക്ലിക്ക് ചെയ്യുന്നവരാകും അധികവും. പാതിവിലക്ക് ഹെഡ് സെറ്റ് വിൽപനക്ക് എന്ന് പറഞ്ഞ് ഉഡായിപ്പ് വെബ്സൈറ്റിൽ ഒരു പരസ്യം കണ്ടമാത്രയിൽ പോയി തലവെച്ച് കൊടുത്ത് കാശ് കളഞ്ഞ ഉന്നത പൊലീസുദ്യോഗസ്ഥർ വരെയുള്ള നാടാണിത്. അപ്പോൾ, ഒരുലക്ഷം സബ്സിഡിയെന്നു കേട്ടാൽ നമ്മളെ പോലുള്ള സാധാരണക്കാരൊക്കെ എപ്പോൾ ചെന്നു ക്യൂ നിന്നു എന്ന് േചാദിച്ചാൽ മതി.
എന്നാൽ, ഇത് സംഗതി കൈവിട്ട കളിയാണെന്നാണ് നമ്മുടെ കേന്ദ്ര സർക്കാർ ഏജൻസികൾ തരുന്ന മുന്നറിയിപ്പ്. അങ്ങനൊരു സബ്സിഡി ഡബ്ല്യു.എച്ച്.ഒ ഏർപ്പെടുത്തിയിേട്ട ഇല്ലത്രെ. ബാങ്കിങ് പാസ്വേഡ് അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി വഞ്ചിക്കാനുള്ള ഏതോ കുബുദ്ധികളാണ് ഈ തട്ടിപ്പിനുപിന്നിൽ എന്നാണ് കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) നൽകുന്ന വിവരം. ലോട്ടറി അടിച്ചെന്നും സമ്മാനം നൽകുമെന്നും പറഞ്ഞ് വരുന്ന മെസേജുകളിൽ ഉള്ള ഇത്തരം വെബ് സൈറ്റ് അഡ്രസുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും പി.ഐ.ബി ആവശ്യപ്പെടുന്നു.
''ഇവിടെ വാക്സിൻ കിട്ടാൻ തന്നെ മനുഷ്യൻമാർ പാടുപെടുന്ന നേരത്താണ് വാക്സിൻ പ്രോത്സാഹിപ്പിക്കാൻ ഒരു അവാർഡ്... തട്ടിപ്പ് നടത്താനാണെങ്കിലും അപമാനിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ'' എന്നാണ് നെറ്റിസൺസ് ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.