മുംബൈ: ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർ.എസ്.എസ് അനുകൂല വാരികയായ പാഞ്ചജന്യം. ജാതി വ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമാണെന്നും മുഗുളൻമാർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നുമാണ് പാഞ്ചജന്യത്തിലെ ഏറ്റവും പുതിയ ലക്കം എഡിറ്റോറിയലിൽ പറയുന്നത്. മുഗുളൻമാർ വാള് കൊണ്ടാണ് ജാതിവ്യവസ്ഥയെ നേരിട്ടത്. അധിനിവേശക്കാർ എന്നും ലക്ഷ്യമിട്ടത് ജാതിവ്യവസ്ഥയെയായിരുന്നു. എന്നാൽ ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ചതിന് ശേഷം ഒരുമിച്ച്നിർത്തുന്ന ഒരു ശൃംഖലയായിരുന്നു ജാതിവ്യവസ്ഥയെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി അറിയണമെന്ന് ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത് വലിയ രാഷ്ട്രീയ സംഘർഷത്തിനിടയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഞ്ചജന്യം മുഖപ്രസംഗം എഴുതിയത്. വാരികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ ആണ് മുഖപ്രസംഗം എഴുതിയത്.
സേവനത്തിന്റെയും പരിഷ്കരണത്തിന്റെയും മറവിൽ വാളിന്റെയും മിഷനറിമാരുടെയും ശക്തിയാൽ മുഗുളന്മാർ അതിനെ ലക്ഷ്യമിട്ടു. ഒരാളുടെ ജാതിയെ ഒറ്റിക്കൊടുക്കുന്നത് രാജ്യദ്രോഹമാണെന്ന കാര്യം ഇന്ത്യൻ ജനത മനസിലാക്കി. ഇന്ത്യയുടെ ഈ ഏകീകൃത സമവാക്യം മുഗുളന്മാരേക്കാൾ നന്നായി മിഷനറിമാർ മനസ്സിലാക്കിയിരുന്നു: ആദ്യം ജാതിവ്യവസ്ഥയെ തടസ്സമെന്നോ, ചങ്ങലയെന്നോ വിളിച്ച് അതിന്റെ ഏകീകൃതഘടകത്തെ തകർക്കണമെന്ന് അവർ മനസ്സിലാക്കി. മിഷണറിമാരിൽ നിന്ന് കടംകൊണ്ട ഈ ആശയമാണ് ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിലൂടെ നടപ്പാക്കിയതെന്നും എഡിറ്റോറിയലിൽ പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ മാതൃക പിന്തുടർന്ന് ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് അവർ ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുമുണ്ട്.
ബംഗാളിലെ നെയ്ത്തുകാരെപ്പോലുള്ള ഇന്ത്യൻ കരകൗശലത്തൊഴിലാളികൾ വളരെ മികച്ചവരായതിനാലാണ് മാഞ്ചസ്റ്ററിലെ മില്ലുകൾക്ക് ഇത്രയും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിഞ്ഞതെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിച്ചു.
ഹിന്ദുജീവിതം ജാതിയെ കേന്ദ്രീകരിച്ചുള്ളതാണെന്നും മതപരിവർത്തനത്തിനുള്ള വഴിയായാണ് മിഷണറിമാർ ജാതിയെ കണ്ടതെങ്കിൽ കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ വിള്ളലായാണ് കാണുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.