ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയത്തിൽ എക്സൈസ് വകുപ്പ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വസതിയിൽ റെയ്ഡ് നടത്തുകയും ചെയ്തതിന് പിന്നാലെ സി.ബി.എ അദ്ദേഹത്തിന്‍റെ ബാങ്ക് ലോക്കർ പരിശോധിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിന്‍റെ ഗാസിയാബാദിലുള്ള ബ്രാഞ്ചിലാണ് ചൊവ്വാഴ്ച സി.ബി.ഐ സംഘം പരിശോധന നടത്തിയത്. സിസോദിയയും ഭാര്യയും പരിശോധന നടക്കുമ്പോൾ ബാങ്കിലെത്തിയിരുന്നു. 70,000 രൂപ മാത്രമാണ് ലോക്കറിലുണ്ടായിരുന്നത്.
തന്‍റെ വീട്ടിലും ബാങ്ക് ലോക്കറിലും പരിശോധന നടത്തിയ സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ക്ലീൻചീറ്റ് ലഭിച്ചതിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയ പ്രതികരിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയത്. കുറച്ചു മാസങ്ങൾ തന്നെ ജയിലിൽ അടക്കാനായി എന്തെങ്കിലും കണ്ടെത്താൻ അവർക്ക് മോദിയുടെ സമ്മർദമുണ്ട്. ഈ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് ഞങ്ങളെ ജോലിചെയ്യാൻ അനുവദിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി പ്രവർത്തകർ ഡൽഹി നിയമസഭയിലേക്ക് മാർച്ച് നടത്തി.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്‍റെ വസതിയിലടക്കം വിവിധ സംസ്ഥാനങ്ങളിലായി 31 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.