ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കാലാവധി. ഓർഡിനൻസുകൾ പ്രകാരം, രണ്ടു വർഷം പൂർത്തിയാക്കിയാൽ സെലക്ഷൻ കമ്മിറ്റി അനുമതി നൽകിയാൽ കാലാവധി ഒരുവർഷം വീതം മൂന്നുതവണയായി അഞ്ചുവർഷം വരെ നീട്ടാം. എന്നാൽ ആദ്യ രണ്ടു വർഷം അടക്കം അഞ്ചുവർഷത്തിനു ശേഷം കാലാവധി നീട്ടാൻ കഴിയില്ല. രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
പാർലമെൻറ് സമ്മേളനം നടക്കുന്നില്ലെങ്കിലും സാഹചര്യങ്ങൾ അനുകൂലമായാൽ അടിയന്തര നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് സി.ബി.ഐ ഡയറക്ടർമാരുടെ കാലാവധി നീട്ടുന്നത്. ഇതുപോലെ 2003ലെ സെൻട്രൽ വിജിലൻസ് കമീഷൻ നിയമം ഭേദഗതി ചെയ്താണ് ഇ.ഡി മേധാവിയുടെ കാലാവധി നീട്ടുന്നത്.
പ്രശസ്തമായ വിനീത് നരെയ്ൻ കേസിലെ സുപ്രീംകോടതി വിധി പ്രകാരം നിലവിൽ സി.ബി.ഐ, ഇ.ഡി ഡയറക്ടർമാരുടെ കാലാവധി രണ്ടുവർഷമായി നിശ്ചയിച്ചിരിക്കുകയാണ്. സർക്കാർ ഇടപെടലില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനായിരുന്നു രണ്ട് മേധാവികൾക്കും രണ്ടുവർഷം മാത്രം കാലാവധി നിശ്ചയിച്ചിരുന്നത്.
നിലവിലെ ഇ.ഡി മേധാവി 1984 ലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനായ സഞ്ജയ് കെ. മിശ്രയുടെ കാലാവധി അവസാനിക്കാൻ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ് ഓർഡിനൻസ് കൊണ്ടുവന്നത്. 2018ൽ ഡയറക്ടറായ മിശ്രയുടെ രണ്ടുവർഷ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞവർഷം സർക്കാർ ഒരുവർഷം നീട്ടിനൽകിയിരുന്നു. നേരത്തേ, മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ നവംബർ 17നു ശേഷം കാലാവധി നീട്ടരുതെന്നും ഉത്തരവിട്ടിരുന്നു.
പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കാൻ ശിപാർശ ചെയ്യുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ സുബോധ് ജയ്സ്വാളാണ് സി.ബി.ഐ മേധാവി.
കേന്ദ്ര വിജിലൻസ് കമീഷണർ അധ്യക്ഷനും വിജിലൻസ് കമീഷണർമാർ, ആഭ്യന്തര, റവന്യൂ, ഡിപ്പാർട്മെൻറ് ഓഫ് പേഴ്സനൽ ആൻഡ് ട്രെയിനിങ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇ.ഡി ഡയറക്ടറെ നിയമിക്കാൻ ശിപാർശ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.