വിധിക്ക് കൈക്കൂലി; ഹൈക്കോടതി മുന്‍ ജഡ്ജിക്കെതിരെ സി.ബി.ഐ കുറ്റപത്രം

സ്വകാര്യ മെഡിക്കല്‍ കോളജിനായി അനുകൂല വിധി പറയാൻ ജഡ്​ജി കൈക്കൂലി വാങ്ങിയ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശനം സര്‍ക്കാര്‍ തടഞ്ഞപ്പോള്‍ അനുകൂലവിധി പുറപ്പെടുവിക്കാന്‍ ജഡ്ജി കൈക്കൂലി വാങ്ങി എന്നാണ് കേസ്​. അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെയാണ്​ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്​. ഛത്തിസ്ഗഡ് ഹൈക്കോടതി മുന്‍ ജഡ്ജി ഐ. എം ഖുദ്ദുസിയുടെ പേരും കുറ്റപത്രത്തിലുണ്ട്.

പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ട് വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് 2017 മെയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ലെന്ന കാരണത്താലാണ് പ്രവേശനം തടഞ്ഞത്. 46 മെഡിക്കല്‍ കോളജുകളിലെ പ്രവേശനം അതേ വര്‍ഷം തടഞ്ഞിരുന്നു. തുടര്‍ന്നാണ് ഗൂഢാലോചന നടന്നത്. 2017 ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതിയില്‍ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റ് ഹരജി സമര്‍പ്പിച്ചു. മാനേജ്‌മെന്‍റിന് അനുകൂലമായി ജസ്റ്റിസ് ശുക്ല വിധി പുറപ്പെടുവിച്ചു. സുപ്രിംകോടതിയുടെ ഇതുസംബന്ധിച്ച വിധി മറികടന്നാണ് ശുക്ല വിധിപറഞ്ഞത്.

ഇക്കാര്യം അന്വേഷിക്കാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിഖിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. കെ അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. കെ ജെയ്‌സ്വാള്‍ തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. അവര്‍ ജസ്റ്റിസ് ശുക്ല കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. മാനേജ്മെന്‍റ് പ്രതിനിധികള്‍ ജസ്റ്റിസ് ഖുദ്ദുസി വഴി ജഡ്ജി നാരായണ്‍ ശുക്ലയില്‍ നിന്ന് അനുകൂല വിധി കൈക്കൂലി നല്‍കി വഴിവിട്ട രീതിയില്‍ നേടിയെന്നാണ് കേസ്. 2019 ഡിസംബറിലാണ് സി.ബി.ഐ ജസ്റ്റിസ് ശുക്ലയെ അറസ്റ്റ് ചെയ്തത്. എഫ്‌.ഐ.ആറില്‍ ജസ്റ്റിസ് ശുക്ലക്കു പുറമെ മുന്‍ ജഡ്ജി ഐ. എം ഖുദ്ദുസി, പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്‍റെ പ്രസാദ് യാദവ്, പലാഷ് യാദവ്, ഭാവന പാണ്ഡെ, സുധീര്‍ ഗിരി എന്നിവരാണ് മറ്റു പ്രതികള്‍.

Tags:    
News Summary - CBI files chargesheet against former Allahabad HC judge for ‘corruption’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.