ന്യൂഡൽഹി: പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ ഭൂമി തട്ടിയെടുക്കലും ലൈംഗിക പീഡനാരോപണവും അന്വേഷിക്കാൻ നിയോഗിച്ച സി.ബി.ഐ സംഘം അഞ്ച് പ്രമുഖർക്കെതിരെ കേസെടുത്തു. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിന് കൽക്കത്ത ഹൈകോടതി ഏപ്രിൽ 10നാണ് ഉത്തരവിട്ടത്.
പ്രദേശവാസികളിൽനിന്ന് പരാതി സ്വീകരിക്കാൻ സി.ബി.ഐ സംഘം ഇ-മെയിൽ ഐ.ഡി നൽകിയിരുന്നു. ഇതേത്തുടർന്ന് നിരവധി പേരാണ് പരാതി നൽകിയത്. പരാതികളിൽ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സി.ബി.ഐ കേസെടുക്കുകയും ഹൈകോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് വിശദ അന്വേഷണത്തിന് സി.ബി.ഐക്ക് നിർദേശം നൽകി. വ്യാപകമായി കൃഷിഭൂമി തരംമാറ്റലും സ്ത്രീകൾക്കെതിരെ അതിക്രമവും നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.
കേസ് പരിഗണിക്കുന്ന മേയ് രണ്ടിന് ഹൈകോടതിക്ക് സി.ബി.ഐ വിശദ റിപ്പോർട്ട് നൽകും. ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കെതിരെ ജനം സംഘടിച്ചത് ദിവസങ്ങളോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് സംഘർഷത്തിന് അറുതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.