ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ബസ് വാങ്ങിയതിലും സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. ഡൽഹി സർക്കാർ 1,000 ലോ ഫ്ലോർ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ശിപാർശ ചെയ്തു. ലെഫ്. ഗവർണറുടെ ശിപാർശയിൽ സർക്കാറിന്റെ മദ്യനയത്തിൽ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നടപടി.
കഴിഞ്ഞവര്‍ഷം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് 1,000 ലോ േഫ്ലാര്‍ ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബസുകള്‍ വാങ്ങുന്നതിനും വരുംവര്‍ഷങ്ങളില്‍ ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും രണ്ടു കരാറുകളാണ് നല്‍കിയിരുന്നത്. ഈ കരാറുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിലടക്കമുള്ള നടപടികളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
ജൂലൈയിലാണ് മദ്യനയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. പിന്നാലെ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലടക്കം 31 കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. റെയ്ഡിൽ സി.ബി.ഐക്ക് ഒന്നും കണ്ടെത്താനാകാത്തത് ആം ആദ്മി പാർട്ടി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. മഹാരാഷ്ട്ര മാതൃകയിൽ ഡൽഹി സർക്കാറിനെ മറിച്ചിടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആരോപണം.
ലെഫ്. ഗവർണർ വി.കെ. സക്സേനക്കെതിരെ ആം ആദ്മി പാർട്ടി അഴിമതി ആരോപണം ഉന്നയിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സർക്കാറിനെതിരെ പുതിയ നടപടി.
ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലെഫ്. ഗവര്‍ണറെന്നും ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാറിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.