ന്യൂഡൽഹി: ഡൽഹിയിലെ സാറെയ് കാലെ ഖാൻ ചൗക്കിന്റെ പേര് ബിർസ മുണ്ട ചൗക്ക് എന്ന് മാറ്റി. ബിർസ മുണ്ടയുടെ 150ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പേരു മാറ്റിയത്. കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മതപരിവർത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിർസ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യമൊന്നടങ്കവും ലോകത്തിന്റെ മൂന്നിലൊന്നു ഭാഗവും ബ്രിട്ടീഷുകാർ ഭരിക്കുമ്പോഴാണു മതപരിവർത്തനത്തിനെതിരെ പോരാടാൻ മുണ്ട ധൈര്യം കാട്ടിയത്. 1975ൽ സെക്കൻഡറി വിദ്യാഭ്യാസക്കാലത്തുതന്നെ അദ്ദേഹം ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹി ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിനോട് ചേർച്ച ചൗക്കാണ് ഇനി ബിർസ മുണ്ട ചൗക്ക് എന്നറിയപ്പെടുക. പ്രതിമ കണ്ടും സ്ഥലത്തിന്റെ പേരുകേട്ടും ഡൽഹിക്കാർ മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികളും ബിർസ മുണ്ടയുടെ ജീവിതത്തിൽ ആകൃഷ്ടരാകുമെന്ന് മനോഹർലാൽ ഖട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.