ന്യൂഡൽഹി: ധൻബാദ് ജില്ല ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് എഫ്.ഐ.ആറുകൾ വീണ്ടും രജിസ്റ്റർ ചെയ്ത് സി.ബി.ഐ. ജൂലൈ 29നും ആഗസ്റ്റ് 13നും ഫയൽ ചെയ്ത മോഷണക്കേസുകളിലെ രണ്ട് എഫ്.ഐ.ആറുകളാണ് സി.ബി.ഐ വീണ്ടും രജിസ്റ്റർ ചെയ്തത്.
റെയിൽവേ കോൺട്രാക്ടറായ പൂർണേന്ദു വിശ്വകർമയുടെ മൂന്ന് മൊബൈൽ ഫോണുകൾ പ്രതികൾ ജഡ്ജി മരിക്കുന്നതിന്‍റെ തലേദിവസം മോഷ്ടിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രതികളുടെ തന്നെ സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു വിളി. മോഷണക്കേസും ജഡ്ജിയുടെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് സി.ബി.ഐ നടപടി.
ജൂലൈ 28നാണ് ധൻബാദ് ജില്ല ജഡ്ജിയായ ഉത്തം ആനന്ദ് പ്രഭാത സവാരിക്കിടെ ധൻബദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചീക്കിൽ വെച്ച് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞത്.
ഇതോടെ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. നിയമലോകത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കേസിൽ ഡ്രൈവർ ലഖൻ വർമയും സഹായി രാഹുൽ വർമയും അറസ്റ്റിലായിട്ടുണ്ട്. സി.ബി.ഐയുടെ 20 അംഗ സംഘമാണ് ജഡ്ജിയുടെ കൊലപാതകം അന്വേഷിക്കുന്നത്.
ജാരിയ എം.എൽ.എ സഞ്ജീവ് സിങ്ങിന്‍റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെ പറ്റി അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.