ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെതിരെ ഒരു തെളിവും സി.ബി.െഎ സമർപ്പിച്ചില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബംഗാൾ പൊലീസ് സി.ബി.െഎ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനെതിരെ സമർപ്പിച്ച ഹരജി തിങ്കളാഴ്ച അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.
കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സി.ബി.െഎ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈകോടതി തള്ളിയതിനു ശേഷം കോടതി അവധിയിലുള്ള ഞായറാഴ്ച ചോദ്യം ചെയ്യാൻ പോയ 40 അംഗ സി.ബി.െഎ സംഘത്തെ കസ്റ്റഡിയിലെടുത്തതിനെതിരെയാണ് സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങളുടെ അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് രാജീവ് കുമാറിനെ തേടി പോയതെന്ന സി.ബി.െഎ വാദം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തള്ളി. കൊൽക്കത്തയിൽപോയ സി.ബി.െഎ ഉദ്യോഗസ്ഥരോട് പൊലീസ് മോശമായി പെരുമാറിയെന്നും അസാധാരണമായ സ്ഥിതിവിശേഷമാണെന്നും സി.ബി.െഎക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. താങ്കളുടെ അപേക്ഷ പരിശോധിച്ചുവെന്ന് മേത്തയോട് പറഞ്ഞ ചീഫ് ജസ്റ്റിസ് ‘തെളിവ് നശിപ്പിച്ചുവെന്നതിന് ഒരു െതളിവും കാണിച്ചില്ല’ എന്ന് തുടർന്നു. കോടതി മുറിയിലേക്ക് കടക്കുന്നതിന് മുമ്പാണ് രേഖകൾ കിട്ടിയതെന്ന് താങ്കൾ തന്നെ പറയുന്ന സ്ഥിതിക്ക് ഹരജി ചൊവ്വാഴ്ച രാവിലെ 10.30ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ സർക്കാറിെൻറ ഹരജി: അടിയന്തര വാദം കേൾക്കാൻ കോടതി വിസമ്മതിച്ചു
കൊൽക്കത്ത: ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത സിറ്റി പൊലീസ് കമീഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനുള്ള സി.ബി.െഎ നീക്കത്തിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ കൽക്കത്ത ഹൈകോടതി വിസമ്മതിച്ചു.
കേന്ദ്രം ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് ശിവകാന്ത് പ്രസാദ് വാദം കേൾക്കൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്ന വിഷയത്തിൽ ഹൈകോടതി സ്റ്റേ നിലനിൽക്കെയാണ് സി.ബി.െഎ രാജീവ് കുമാറിെൻറ വസതിയിലെത്തിയതെന്ന് സംസ്ഥാനത്തിെൻറ അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത പറഞ്ഞു. കോടതി കേസിൽ ഫെബ്രുവരി 13ന് വാദം കേൾക്കാനിരിക്കുകയാണ്. ഇതിനിടെ സി.ബി.െഎ നടത്തിയ ചോദ്യംചെയ്യൽ ശ്രമം കോടതി ഉത്തരവ് ലംഘിക്കലാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.