എൻ.ഐ.എയിൽ ഏഴ് തസ്തികകൾക്ക് കൂടി കേന്ദ്രം അനുമതി നൽകി

തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എൻ.ഐ.എയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്‍റെയും ആറ് ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും തസ്തികകളാണ് പുതിയതായി നിലവില്‍ വരുന്നത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

ജൂണില്‍ നടന്ന നിജ്ജാര്‍ വധവും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടർന്ന് ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻ.ഐ.എ കർശന നടപടി സ്വീകരിച്ചുവരികയാണ്. ട്രൂഡോയുടെ അവകാശവാദത്തിന് ഒരു ദിവസത്തിന് ശേഷം 43 ഭീകരരുടെ ഫോട്ടോകള്‍ സുരക്ഷാ ഏജൻസി പുറത്തുവിട്ടിരുന്നു. ഇവരില്‍ ചിലര്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ്.

ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളാണ് എന്‍.ഐ.എ സ്വീകരിക്കുന്നത്. 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതിനോടകം എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടന്‍, യു.എസ്, കാനഡ, യു.എ.ഇ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരരുടെ പട്ടിക തയ്യാറാക്കിയാണ് എന്‍.ഐ.എയുടെ നീക്കം. സെക്ഷന്‍ 33 (5) പ്രകാരമാണ് നടപടി.

ശനിയാഴ്ച ഖാലിസ്ഥാന്‍ ഭീകരനും സിഖ് ഫോര്‍ ജസ്റ്റിസ് മേധാവിയുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സ്വത്തുക്കള്‍ എന്‍.ഐ.എ കണ്ടുകെട്ടിയിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിച്ചും മറ്റും വിശദമായ രേഖകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 2018ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമ്രീന്ദര്‍ സിംഗ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ നിജ്ജാറിന്‍റെ പേരും ഉണ്ടായിരുന്നു.

Tags:    
News Summary - Center has sanctioned seven more posts in NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.