ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വാക്സിനുള്ള അഞ്ച് ശതമാനവും മരുന്നുകൾക്കും ഒാക്സിജൻ കോൺസെൻട്രേറ്ററുകൾക്കുമുള്ള 12 ശതമാനവും നികുതി അവയുടെ ചെലവ് കുറക്കാൻ അത്യാവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
'ജി.എസ്.ടിയിൽനിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽപ്പാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ ഉപകരണങ്ങളുടെ വിലവർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവും. ഇത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മാറും.
കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൻറഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നത്. കോവിഡ് വാക്സിെൻറ ജി.എസ്.ടിയിൽനിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങൾക്കുമാണ്. കൂടാതെ, കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്' ^നിർമല സീതാരാമൻ വ്യക്തമാക്കി.
കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച കത്തെഴുതിയത്. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.