മുംബൈ: നേതാക്കളെ കേന്ദ്ര ഏജൻസികൾ ദ്രോഹിക്കുന്നതിൽനിന്ന് രക്ഷിക്കാൻ പാർട്ടി വീണ്ടും ബി.ജെ.പിയുമായി കൈകോർക്കണമെന്ന് ശിവസേന എം.എൽ.എ. കാര്യങ്ങൾ കൈവിടുന്നതിന് മുമ്പ് ഒരുമിക്കണമെന്ന് നിയമസഭാംഗമായ പ്രതാപ് സർനായ്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മുംബൈ, താണെ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ വീണ്ടും യോജിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭയിൽ താണെയിലെ ഓവാല-മജിവാഡ നിയോജകമണ്ഡലത്തെയാണ് സർനായ്ക് പ്രതിനിധീകരിക്കുന്നത്.
'ബി.ജെ.പിയും ശിവസേനയും ഇപ്പോൾ സഖ്യകക്ഷികളല്ലെങ്കിലും അവരുടെ നേതാക്കൾ തമ്മിൽ നല്ല ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്തണം. എനിക്കും മറ്റ് ശിവസേന നേതാക്കളായ അനിൽ പരബ്, രവീന്ദ്ര വൈകർ എന്നിവർക്കും പിന്നിൽ നിരവധി കേന്ദ്ര ഏജൻസികളുണ്ട്. അവരെയും അവരുടെ കുടുംബങ്ങളെയും ഉപദ്രവിക്കുകയാണ്. സേന നേതാക്കളെ പ്രശ്‌നങ്ങളിൽനിന്ന് രക്ഷിക്കുമെന്ന് ശിവ സൈനികർ കരുതുന്നതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും കൈകോർക്കുന്നതാണ് നല്ലത്' -സർനായ്ക് കത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാറിൽ സഖ്യകക്ഷിയായ കോൺഗ്രസ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും മറ്റൊരു സഖ്യപങ്കാളിയായ എൻ.സി.പി ശിവസേനയുടെ സ്വന്തം എം.എൽ.എമാരെ വശീകരിച്ച് തകർക്കാൻ ശ്രമിക്കുകയാണെന്നും സർനായ്ക് കത്തിൽ എഴുതി.
എന്നാൽ, ജയിലിൽ പോകേണ്ടി വരുമെന്ന ഭയത്തിൽനിന്നാണ് സേന എം.എൽ.എയുടെ നിർദേശം ഉണ്ടായതെന്ന് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് കിരിത് സോമയ്യ പ്രതികരിച്ചു. പ്രതാപ് സർനായക്, അനിൽ പരാബ്, രവീന്ദ്ര വൈകർ തുടങ്ങി ശിവസേനയിലെ എല്ലാ അഴിമതി നേതാക്കളും ജയിലിൽ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം സർനായ്കിൻെറ നിരവധി സ്വത്തുക്കൾ റെയ്ഡ് ചെയ്തിരുന്നു. അദ്ദേഹത്തിൻെറ മകൻ വിഹാംഗ് സർനായ്കിനെയും ഏജൻസി ചോദ്യം ചെയ്തു. കേന്ദ്രം തങ്ങളുടെ എം.എൽ.എമാരെ ലക്ഷ്യമിടുകയാണെന്ന് മഹാരാഷ്ട്ര വികാസ് അഗദി (എം.വി.എ) സഖ്യ സർക്കാറിലെ മുഖ്യകക്ഷിയായ ശിവസേന ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ അധികാര പങ്കിടൽ സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് 2019ൽ ബി.ജെ.പിയുമായുള്ള ദീർഘകാല ബന്ധം ശിവസേന അവസാനിപ്പിച്ചത്. തുടർന്ന്, പ്രത്യയശാസ്ത്ര പ്രതിയോഗികളായ എൻ.സി.പിയെയും കോൺഗ്രസിനെയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.