ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾക്ക് രാജ്യതലസ്ഥാനത്ത് സ്ഥിരതാമസമൊരുക്കാൻ കേന്ദ്രസർക്കാർ രഹസ്യമായി ശ്രമിക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി സർക്കാരാണിതിന് നേത്രത്വം നൽകുന്നതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദവും അദ്ദേഹം തള്ളി. റോഹിങ്ക്യകളെ നഗരത്തിലെ ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ ഫ്ലാറ്റുകളിലേക്ക് മാറ്റാൻ കേന്ദ്രം ആദ്യം ശ്രമിച്ചെങ്കിലും ആം ആദ്മി പാർട്ടി (എഎപി) എതിർത്തതിനെത്തുടർന്ന് ഡൽഹി സർക്കാരിന്റെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെയും കേന്ദ്രസർക്കാരിന്റെയും നിർദേശപ്രകാരമാണ് ഡൽഹി പൊലീസും ചില ഉദ്യോഗസ്ഥരും റോഹിങ്ക്യകൾക്ക് നഗരത്തിൽ സ്ഥിരതാമസമൊരുക്കാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളറിയാതെയാണ് അവർ സക്‌സേനയുടെ അംഗീകാരത്തിനായി നിർദ്ദേശം അയച്ചതെന്നും സിസോദിയ ആരോപിച്ചു.
ഡൽഹിയിൽ റോഹിങ്ക്യകളെ നിയമവിരുദ്ധമായി പാർപ്പിക്കാനുള്ള ഇത്തരം ഗൂഢാലോചനകളെ എന്ത് വില കൊടുത്തും എതിർക്കുമെന്നും സിസോദിയ പറഞ്ഞു. പ്രശ്‌നത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത്തരം നീക്കങ്ങളെയെല്ലാം നിഷേധിച്ച് വിശദീകരണം പുറപ്പെടുവിച്ചു. റോഹിങ്ക്യകളെ പുതിയ സ്ഥലത്തേക്ക് മാറ്റാൻ ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ അനധികൃത കുടിയേറ്റക്കാരെ, കൈമാറുന്നത് വരെ തടങ്കൽ കേന്ദ്രങ്ങളിലാക്കാൻ ശക്തമായ നടപടി കൈകൊള്ളണമെന്നും വിശദീകരണത്തിൽ കേന്ദ്രം ന്യക്തമാക്കി.
റോഹിങ്ക്യകളെ സ്ഥലം മാറ്റുന്നത് തങ്ങളുടെ നേട്ടമായി വിശേഷിപ്പിച്ച കേന്ദ്ര സർക്കാർ, ആം ആദ്മി പാർട്ടി അതിനെ എതിർത്ത ശേഷം അതിന്റെ ഉത്തരവാദിത്തം ഡൽഹി സർക്കാറിന്റെ മേൽ പഴി ചാരുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സിസോദിയ ട്വീറ്റ് ചെയ്തു. അതേസമയം റോഹിങ്ക്യകൾക്ക് ഡൽഹിയിൽ സ്ഥിരതാമസമൊരുക്കാൻ കേന്ദ്രസർക്കാർ രഹസ്യമായി ശ്രമിച്ചിരുന്നുവെന്നത് വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.