ന്യൂഡൽഹി: കോവിഡ് ഉലച്ച സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിൽ മറ്റൊരു വായ്പ പാക്കേജ് കൂടി. വിവിധ മേഖലകൾക്ക് കുറഞ്ഞ പലിശക്കും ഈടിനും വായ്പ നൽകുന്നതടക്കം എട്ടു പുതിയ പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
വിപണിയും സാമ്പത്തിക സാഹചര്യവും മോശമായി നിൽക്കെ, പുതിയ വായ്പ കെണിയായി മാറുമെന്ന ആശങ്ക പേറുന്നവരാണ് സംരംഭകരിൽ അധികവും. ഇതിനിടയിലാണ് വായ്പയെടുക്കാൻ കൂടുതൽ അവസരങ്ങൾ കേന്ദ്രം വാഗ്ദാനം ചെയ്തത്. ഒന്നും രണ്ടും തരംഗത്തിെൻറ കെടുതി നേരിടുന്ന സമ്പദ്രംഗം മൂന്നാം തരംഗത്തിെൻറ ഉത്കണ്ഠയിൽ നിൽക്കെ, മറ്റു കാര്യമായ ചുവടുവെപ്പുകളോ പിന്തുണയോ പാക്കേജിൽ ഇല്ല.
ആരോഗ്യ, ടൂറിസം മേഖലകൾക്കാണ് പുതിയ പ്രഖ്യാപനത്തിൽ ഊന്നൽ നൽകിയത്. കോവിഡ് ബാധിത മേഖലകൾക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗാരൻറി പദ്ധതി. കഴിഞ്ഞ വർഷത്തെ ആത്മനിർഭർ ഭാരത് പാക്കേജിെൻറ ഭാഗമായി 1.5 ലക്ഷം കോടിയുടെ അടിയന്തര വായ്പ ഗാരൻറി പദ്ധതി.
1.1 ലക്ഷം കോടിയുടെ വായ്പ ഗാരൻറി പദ്ധതിയിൽ 50,000 കോടി ആരോഗ്യ മേഖലക്ക്. മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഇതു പ്രധാനമായും നൽകുക. പരമാവധി പലിശ 7.95 ശതമാനം. മറ്റു മേഖലകൾക്കായി നീക്കിവെക്കുന്ന ബാക്കി തുകക്ക് വാർഷിക പലിശ നിരക്ക് 8.25 ശതമാനമായിരിക്കും. പൊതുജനാരോഗ്യത്തിന് 23,000 കോടി. ശിശുപരിപാലന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഹ്രസ്വകാല അടിയന്തരാവശ്യങ്ങൾക്കും ഈ പണം ഉപയോഗിക്കും.
തകർന്നുപോയ ടൂറിസം മേഖലക്ക് പദ്ധതി ഇങ്ങനെ: ട്രാവൽ ഏജൻസികൾക്കായി 10 ലക്ഷം വരെ വായ്പ. ടൂറിസ്റ്റ് ഗൈഡുകൾക്ക് ലക്ഷം രൂപയുടെ വായ്പ. നടപടികൾ ആരംഭിക്കുന്ന മുറക്ക് അഞ്ചു ലക്ഷം ടൂറിസ്റ്റുകൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നൽകിവരുന്ന ഈടില്ലാ വായ്പ വിപുലപ്പെടുത്തും. ഇതിനു പുറമെ 25 ലക്ഷം ചെറുകിടക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെ വായ്പ. നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ച് നൽകുന്ന ഉൽപാദനബന്ധ ആനുകൂല്യം വൻകിട ഇലക്ട്രോണിക് നിർമാണ കമ്പനികൾക്ക് ഒരു വർഷത്തേക്കു കൂടി നൽകും. ഫലത്തിൽ, ഈ പദ്ധതി 2025-26 വരെ തുടരും.
തൊഴിൽ അവസരം വർധിപ്പിക്കാൻ ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന ജൂൺ 30ൽ നിന്ന് 2022 മാർച്ച് 31 വരെ നീട്ടും. പുതിയ തൊഴിൽ നൽകുന്ന തൊഴിലുടമക്ക് ഇ.പി.എഫ് ആനുകൂല്യം നൽകുന്നതാണ് പദ്ധതി.
മഴക്കാലം മുൻനിർത്തി ഡി.എ.പി, എൻ.പി.കെ അധിഷ്ഠിത കോംപ്ലക്സ് വളങ്ങൾക്കായി 14,775 കോടി അധികവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 21 ലക്ഷം കോടിയുടെ പാക്കേജ് നടപ്പാക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുകയുടെ വലുപ്പത്തിനപ്പുറം, പാക്കേജ് എത്ര പ്രയോജനകരമായി എന്ന ചോദ്യം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.