സി​ദ്ധ​രാ​മ​യ്യ​ മുഖ്യമന്ത്രിയാകാൻ സാധ്യത; ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗം

ബംഗളൂരു: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ കർണാടകയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ സാധ്യതയേറി. സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന. ഞായറാഴ്ച വൈകീട്ട് 5.30ന് ചേരുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.

മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ വരുണയിൽ ബി.ജെ.പിയുടെ വി. സോമണ്ണയെ 46,163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്. സിദ്ധരാമയ്യ നേടിയത് 1,19,430 വോട്ടുകൾ. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം മുമ്പേ പറഞ്ഞിരുന്നു. ശനിയാഴ്ച വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പേ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര പറഞ്ഞത്, പിതാവ് വൻ ഭൂരിപക്ഷത്തിൽ ജയിച്ച് മുഖ്യമന്ത്രിയാകുമെന്നും അത് സംസ്ഥാനത്തിന്റെ താൽപര്യമാണെന്നുമാണ്. സംസ്ഥാനത്തെ ക്രൗഡ്പുള്ളർ നേതാവായ സിദ്ധരാമയ്യയും മോഹം മറച്ചുവെച്ചിട്ടില്ല. മുഖ്യമന്ത്രിയാകാൻ മോഹിക്കുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കനകപുര മണ്ഡലത്തിൽനിന്ന് എട്ടു തവണ എം.എൽ.എയായ ശിവകുമാർ സംസ്ഥാനത്തെ ശക്തനായ രാഷ്ട്രീയ നേതാവാണ്. ഇത്തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,22,392 വോട്ടിനാണ് വൻ വിജയം നേടിയത്. മുഖ്യമന്ത്രിയെ എം.എൽ.എമാരും പാർട്ടി ഹൈകമാൻഡുമാണ് തീരുമാനിക്കുകയെന്നാണ് ശിവകുമാർ അടുത്തിടെ പറഞ്ഞത്.

എന്നാൽ, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയാറാണെങ്കിൽ മുഖ്യമന്ത്രിപദം അദ്ദേഹത്തിന് നൽകാമെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ തയാറാണെന്നും കൂട്ടിച്ചേർത്തിരുന്നു. ശിവകുമാർ മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് ശനിയാഴ്ച പറഞ്ഞു.

Tags:    
News Summary - Chances for Siddaramaiah; Today is the legislative session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.