ന്യൂഡൽഹി: വരണാധികാരി മനപ്പൂർവം ക്രമക്കേട് നടത്തിയെന്ന് വ്യക്തമാക്കി ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയം സുപ്രീം കോടതി റദ്ദാക്കി. ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ വിധിയിൽ, എ.എ.പി-കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിനെ പുതിയ മേയറായും പ്രഖ്യാപിച്ചു. വരണാധികാരി അനിൽ മസീഹ് അസാധുവാണെന്ന് പ്രഖ്യാപിച്ച എട്ട് വോട്ടുകളും സാധുവായി പരിഗണിച്ചാണ് കോടതി നടപടി. കോടതിയിൽ തെറ്റായ മൊഴി നൽകിയ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു.
വീണ്ടും നടത്തിയ വോട്ടെണ്ണലിൽ കുൽദീപ് കുമാറിന് 20 വോട്ടും ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കാറിന് 16 വോട്ടുമാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി. വോട്ടെടുപ്പിന്റെ ബാലറ്റുകളും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെുപ്പ് പ്രക്രിയ പൂർണമായി റദ്ദാക്കുന്നില്ലെന്നും കുൽദീപ് കുമാറിന് അനുകൂലമായ എട്ട് വോട്ടുകൾ അസാധുവാക്കുന്നതിലേക്ക് നയിച്ച വോട്ടെണ്ണലിലെ ക്രമക്കേടുകളിൽ മാത്രമാണ് നടപടിയെന്നും കോടതി വ്യക്തമാക്കി. എട്ട് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിക്കാൻ വരണാധികാരി ബോധപൂർവം ശ്രമിച്ചുവെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് കേസിൽ സുപ്രീംകോടതി നടപടി സ്വീകരിച്ചത്.
ഉപജാപങ്ങളിലൂടെ തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കടമയാണെന്ന് സുപ്രീംകോടതി പറഞ്ഞു. തന്റെ മുന്നിൽ എത്തുന്നതിന് മുമ്പുതന്നെ എട്ട് ബാലറ്റ് പേപ്പറുകളും വികൃതമായ നിലയിലായിരുന്നുവെന്ന് മസീഹ് തെറ്റായ മൊഴി നൽകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് അദ്ദേഹത്തിന് നോട്ടീസും നൽകി. ഇതിന് മൂന്നാഴ്ചക്കകം മറുപടി നൽകണം.
ചണ്ഡിഗഡിൽ നടന്നത്
എ.എ.പി-കോൺഗ്രസ് സഖ്യ സ്ഥാനാർഥി കുൽദീപ് കുമാർ വിജയിക്കുമെന്ന് ഉറപ്പായ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കാർ അപ്രതീക്ഷിത വിജയം നേടിയത്. ജനുവരി 30ന് നടന്ന വോട്ടെടുപ്പിൽ കുൽദീപ് കുമാറിന് അനുകൂലമായ എട്ട് വോട്ടുകൾ വരണാധികാരി അസാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ 12നെതിരെ 16 വോട്ടുകൾക്ക് മനോജ് സോങ്കാർ തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയുടെ തീരുമാനത്തിനെതിരെ കുൽദീപ് കുമാർ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുതിരക്കച്ചവടത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ രൂക്ഷ പരാമർശത്തിന് പിന്നാലെ മനോജ് സോങ്കാർ ഞായറാഴ്ച രാത്രി രാജിവെച്ചിരുന്നു. ഇതോടൊപ്പം മൂന്ന് എ.എ.പി കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.