ചന്ദ്രൻ ‘കൈയെത്തും ദൂരത്ത്’; ചന്ദ്രയാൻ -മൂന്ന് ലാൻഡറിന്‍റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം; ഇനി സോഫ്റ്റ് ലാൻഡിങ്

ബംഗളൂരു: ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ മൂന്ന്. വിക്രം ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ലാൻഡറിന്റെ വേഗം കുറച്ച് ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തെയും ഡീബൂസ്റ്റിങ് പൂർത്തിയാക്കിയത്.

ചന്ദ്രനിൽനിന്ന് കൂടിയത് 134ഉം കുറഞ്ഞത് 25ഉം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. ഇനി സോഫ്റ്റ് ലാൻഡിങ്ങി (മൃദുവിറക്കം) നായുള്ള തയാറെടുപ്പാണ്. ബുധനാഴ്ച വൈകീട്ട് 5.47ന് ലാൻഡർ മൊഡ്യൂൾ മൃദുവിറക്കം നടത്താനാണ് പദ്ധതി. ലാൻഡർ മൊഡ്യൂളിന്റെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ലാൻഡറിന്റെ വേഗംകുറച്ച് ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥങ്ങളിലേക്ക് മാറ്റുകയാണ് ഡീബൂസ്റ്റിങ്ങിലൂടെ ചെയ്യുന്നത്.

ദക്ഷിണധ്രുവത്തിലാണ് ലാൻഡർ ഇറങ്ങുക. കഴിഞ്ഞദിവസം പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപിരിഞ്ഞയുടൻ ലാൻഡർ ഇമേജർ (എൽ.ഐ) ഒന്നാം കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. പൊസിഷൻ ഡിറ്റക്ഷൻ കാമറയായ കാമറ വൺ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളിൽ ഫാബ്രി, ജിയർഡാനോ ബ്രൂണോ, ഹർകെബി ജെ ഗർത്തങ്ങൾ ദൃശ്യമാണ്. വിദൂരത്തായി പ്രൊപ്പൽഷൻ മൊഡ്യൂൾ സഞ്ചരിക്കുന്നതും ചിത്രത്തിൽ കാണാം.

കഴിഞ്ഞ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-മൂന്ന് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലം ഉപയോഗപ്പെടുത്തിയാണ് ചന്ദ്രനിലേക്ക് നീങ്ങിയത്. അതേസമയം, ആഗസ്റ്റ് 10ന് വിക്ഷേപിച്ച റഷ്യയുടെ ലൂണ- 25 ദൗത്യത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി. ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായില്ല. സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.

Tags:    
News Summary - Chandrayaan-3 Completes Final Lunar Orbital Move. Next Stop Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.